ദുബൈ: ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റുമായി വിദൂര കൂടിക്കാഴ്ച നടത്തി. സമിതിയുടെ പുരോഗതിയെക്കുറിച്ചും എല്ലാ പ്രത്യേക ഏജന്‍സികളുമായി ഏകോപിപ്പിച്ച് നടത്തിയ ശ്രമങ്ങളെക്കുറിച്ചും അറിയുന്നതിനാണ് കൂടിക്കാഴ്ചയെന്ന് ശൈഖ് ഹംദാന്‍ ട്വീറ്റില്‍ പറഞ്ഞു.
ദൈവത്തിന്റെ സഹായത്തോടെ സ്ഥിതി നിയന്ത്രണത്തിലാണ്. സമൂഹത്തെക്കുറിച്ചുള്ള അവബോധത്തില്‍ ഞങ്ങളുടെ ആത്മവിശ്വാസം വളരെ വലുതാണ്, ഒപ്പം ശ്രമങ്ങളില്‍ പങ്കുചേര്‍ന്ന് പുതിയ സാഹചര്യങ്ങളെ മറികടക്കാന്‍ ജനങ്ങളെ ആശ്രയിക്കുന്നു. എല്ലാവരേയും സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ആദ്യത്തേതും അവസാനത്തേതുമായ ലക്ഷ്യം. കൂടാതെ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും എല്ലായ്പ്പോഴും ഒരു മുന്‍ഗണനയായിരിക്കും. മുന്‍നിര തൊഴിലാളികള്‍ക്കും ഭരണകൂടം നല്കിയ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ച ദുബൈ നിവാസികള്‍ക്കും ശൈഖ് ഹംദാന്‍ പിന്തുണയും അഭിനന്ദനവും അറിയിച്ചു. പ്രതിരോധത്തിന്റെ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ചാമ്പ്യന്മാര്ക്ക് എല്ലാ അഭിനന്ദനങ്ങളും. കൂടാതെ ദുബൈയില്‍ സ്വീകരിച്ച പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് അനുസൃതമായി സഹകരിച്ചതിന് സമൂഹത്തിലെ അംഗങ്ങള്‍ക്കും പൗരന്മാര്ക്കും താമസക്കാര്‍ക്കും എല്ലാ നന്ദിയും അഭിനന്ദനവും-ട്വീറ്റ് ചെയ്തു.
തന്റെ ട്വീറ്റുകള്‍ അവസാനിപ്പിച്ച് ശൈഖ് ഹംദാന്‍ പറഞ്ഞു-എമിറേറ്റ്സ് നിഘണ്ടുവില്‍ തടസ്സങ്ങളും വെല്ലുവിളികളും ഇല്ല. എല്ലായ്പ്പോഴും പ്രതീക്ഷയും അവസരങ്ങളും ഉണ്ട്.
ഏകീകൃത ശ്രമങ്ങളിലൂടെയും സഹകരണത്തിലൂടെയും അതിന്റെ അനന്തരഫലങ്ങള്‍ മറികടക്കാനുള്ള നമ്മുടെ കഴിവില്‍ ആത്മവിശ്വാസത്തോടെയാണ് ഞങ്ങള്‍ നിലവിലെ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നത്. എല്ലാവരും ഈ ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങുകയും വിജയത്തിന്റെ മാര്‍ച്ച് പുനരാരംഭിക്കുകയും ചെയ്യും. ‘നാളെ എല്ലായ്പ്പോഴും മികച്ചതും സന്തോഷകരവുമാണ്’.