ലോക്ഡൗണ്‍ കാലത്ത് എമിറേറ്റ്‌സ് വിമാനങ്ങള്‍ ‘സുഖ ചികിത്സയില്‍’

    120

    ദുബൈ: കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോകം മുഴുവനും സ്‌റ്റേ അറ്റ് ഹോമില്‍ തുടരുമ്പോള്‍, ആകാശ ലോകത്ത് ആധിപത്യം പുലര്‍ത്തി ലോകം മുഴുവന്‍ പറന്നുകൊണ്ടിരുന്ന ദുബൈയുടെ അഭിമാനമായ എമിറേറ്റ്‌സ് വിമാനങ്ങളും സ്റ്റേ അറ്റ് റണ്‍വേയില്‍ സുഖചികിത്സയിലാണ്. രാജ്യാന്തര വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ എല്ലാ എമിറേറ്റ്‌സ് വിമാനങ്ങളും ദുബൈയിലെ മക്തൂം എയര്‍പോര്‍ട്ടിലും ദുബൈ രാജ്യാന്തര വിമാനത്താവളത്തിലും പാര്‍കിംഗിലാണ്. മള്‍ട്ടിബില്യന്‍ വിലപിടിപ്പുള്ള വിമാനങ്ങള്‍ കാര്യക്ഷമതയോടെ സൂക്ഷിക്കുകയെന്നത് ചെറിയ കാര്യമല്ല. ലോകത്തിലെ ഏറ്റവും വലിയ ബോയിംഗ് വിമാനങ്ങളും എയര്‍ബസ്സുകളുമാണ് എമിറേറ്റ്‌സ് ഉപയോഗിക്കുന്നത്. ഈ കാലയളവില്‍ കമ്പനി നിര്‍ദേശിച്ചത് പ്രകാരമുള്ള സര്‍വീസ് നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത വിമാനസര്‍വീസ് തുടങ്ങിയാല്‍ എത്രയും വേഗം പറക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ 101 വിമാനങ്ങളും രാജ്യാന്തര വിമാനത്താവളത്തില്‍ 101 വിമാനങ്ങളുമാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. കോവിഡ് കാലയളവില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ അതാത് രാജ്യങ്ങളില്‍ എത്തിക്കുന്നതിനും ചരക്ക് കടത്ത് ആവശ്യങ്ങള്‍ക്കുമായി 75 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. അത്യാധുനിക രീതിയിലുള്ള ശുചീകരണ പ്രവൃത്തിയും സര്‍വീസുമാണ് എമിറേറ്റ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി നൂറുകണക്കിന് ജീവനക്കാരും നിര്‍ത്താതെ ജോലി ചെയ്തുവരുന്നു.