എമിറേറ്റ്‌സ് പറന്നു തുടങ്ങി ആദ്യ യാത്ര ലണ്ടനിലേക്ക്

    ദുബൈ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും എമിറേറ്റ്‌സ് വിമാനങ്ങള്‍ പറന്നുതുടങ്ങി. എമിറേറ്റ്‌സും ഇത്തിഹാദ് എയര്‍ലൈനും പരിമിതമായ സര്‍വീസ് മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. വിദേശപൗരന്മാര്‍ക്ക് അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോവാനുള്ള സൗകര്യമാണ് എമിറേറ്റ്‌സ് ഒരുക്കുന്നത്. തിരിച്ച് വിദേശികളെ യുഎഇയിലേക്ക് പ്രവേശിപ്പിക്കില്ല. ഏപ്രില്‍ 18 ന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളു. എമിറേറ്റ്‌സ് ഞായറാഴ്ച ലണ്ടനിലേക്കും തിങ്കളാഴ്ച ഫ്രാങ്ക്ഫര്‍ട്ടിലേക്കും ഓരോ സര്‍വീസുകളാണ് നടത്തിയത്. ലണ്ടനിലേക്ക് ആഴ്ചയില്‍ നാല് വീതം സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, ബ്രസല്‍സ്, സ്യൂറിച്ച് എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും. തിങ്കളാഴ്ച 212 യാത്രക്കാരാണ് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പറന്നത്. ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ യാത്രക്കാര്‍ക്കാര്‍ക്കായി ഒരുക്കിയിരുന്നു. മാസ്‌കുകളും കയ്യുറകളും ഉറപ്പുവരുത്തിയിരുന്നു. മാത്രമല്ല കൃത്യമായ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കിയ ശേഷമാണ് യാത്രാനുമതി നല്‍കിയത്. മാത്രമല്ല വിമാനത്തിനകത്ത് സാമൂഹ്യ അകലം അടക്കമുള്ള കാര്യങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തിഹാദ് എയര്‍ലൈന്‍ സിയോളിലേക്കാണ് ഞായറാഴ്ച സര്‍വീസ് നടത്തിയത്. ഇത്തിഹാദ് സിങ്കപ്പൂര്‍, മനില, ജക്കാര്‍ത്ത എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും.