സങ്കട നാളില്‍ സാന്ത്വനം പകരുന്ന ഭരണാധികാരികള്‍

എന്‍.കെ ഇബ്രാഹിം
കോറോണ അതി ഭയാനകമായ സ്ഥിതിവിശേഷമാണ് ലോകത്താകെ വരുത്തി വച്ചിരിക്കുന്നത്. വന്‍ ശക്തി രാഷ്ട്രങ്ങള്‍ പോലും നിസ്സഹായരായി നില്‍ക്കുന്ന രംഗം എത്ര ഭയാനകമാണ്! ഭൂമിയിലെ നടപടികള്‍ കഴിഞ്ഞുവെന്നും ഇനി ആകാശത്തുള്ളവന്റെ സമക്ഷം സമര്‍പ്പിക്കുന്നുവെന്നും പറഞ്ഞ ഇറ്റലിയെ നാം കണ്ടു. ലോകത്തെ വിറപ്പിച്ചു നിര്‍ത്തി നിരപരാധികളെ കൊന്നു തള്ളിയ വമ്പന്‍ സ്രാവുകള്‍ പോലും തോറ്റു പോയി, ഈ മഹാമാരിയോട്.
ധാര്‍ഷ്ട്യക്കാരുടെ കണക്ക് പുസ്തകത്തിലെ പരിശോധനയാണോ പടച്ചവനേ ഇതെന്ന് തോന്നിപ്പോകുന്നു.
ഏത് വേദനയിലും സന്തോഷത്തിലും ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന മഹദ് പാരമ്പര്യമുള്ള രാജ്യമാണ് യുഎഇ. ലോകത്ത് മനുഷ്യ നിര്‍മിതവും ദൈവ പരീക്ഷണങ്ങളുമായി കുറെ പ്രതിസന്ധികളുണ്ടായത് ഏവര്‍ക്കും അറിയാവുന്നതാണല്ലോ. ഇത്തരം ഘട്ടങ്ങളിലെല്ലാം മനുഷ്യ സ്‌നേഹവും മാനവിക മൂല്യങ്ങളും മുറുകെ പിടിക്കുന്ന യുഎഇ എന്ന രാഷ്ട്രത്തിന്റെ സഹായ ഹസ്തം കാണാത്തവര്‍ ആരുണ്ട്! ഇന്ത്യക്കര്‍ക്ക്, വിശേഷിച്ചും മലയാളികള്‍ക്ക് മറക്കാനാവില്ല തന്നെ, ഇമാറാത്തിന്റെ ഈ സ്‌നേഹത്തണല്‍!
അന്നവും അന്തസ്സോടെ വസിക്കാനുള്ള അവസരവും തുല്യനീതിയും സൗകര്യങ്ങളുമെല്ലാം നല്‍കി എത്രയെത രാജ്യങ്ങളിലെ ജനതയെയാണ് ഈ മണല്‍ക്കാട്ടില്‍ ഇമാറാത്തികള്‍ സംരക്ഷണത്തിന്റെ ചിറകില്‍ നിര്‍ത്തിയിരിക്കുന്നത്.
ഇപ്പോള്‍ ഈ കോറോണക്കാലത്ത് പ്രാഥമിക ഘട്ടം മുതല്‍ തന്നെ വളരെ കരുതലോടെയാണ് യുഎഇ ഭരണകൂടം, വിശേഷിച്ചും ദുബൈ ഭരണാധികാരികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തം. ഘട്ടം ഘട്ടമായി രോഗ വ്യാപ്തി കുറച്ചു കൊണ്ടു വരാന്‍ വിവിധ വകുപ്പുകള്‍ അതീവ ജാഗ്രത തന്നെയാണ് പ്രകടിപ്പിച്ചത്.
ആയിരക്കണക്കിന് ജനങ്ങള്‍ താമസിക്കുന്ന ഏരിയയായ ദേരയിലെ അല്‍റാസും നായിഫിന്റെ ഒരു ഭാഗവും ചിലയാളുകള്‍ക്ക് രോഗ സ്ഥിരീകരണം വന്നയുടന്‍ തന്നെ ഐസൊലേറ്റ് ചെയ്യാന്‍ ദുബൈ ഹെല്‍ത്ത് അഥോറിറ്റിയും മറ്റു വിഭാഗങ്ങളും സ്വാഗതാര്‍ഹവും സമാധാനപരവുമായ നടപടികള്‍ സ്വീകരിച്ചു. അല്‍വര്‍സാന്‍ എന്ന ജനവാസം ഏറെയില്ലാത്ത സ്ഥലത്ത് നിരവധി കെട്ടിടങ്ങളാണ് ഐസൊലേഷന്‍, ക്വാറന്റീന്‍ കാര്യങ്ങള്‍ക്കായി സംവിധാനിച്ചിരിക്കുന്നത്.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രവാസ ലോകത്തെ സമാനതകളില്ലാത്ത സേവന പ്രസ്ഥാനമായ കെഎംസിസിയെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ തികച്ചും മുഖവിലക്കെടുത്തുവെന്നത് നമുക്ക് എത്രത്തോളം അഭിമാനമാണെന്നത് പ്രത്യേകം ശ്‌ളാഘനീയമാണ്. അതിജാഗ്രതയുടെ ഭാഗമായി അല്‍റാസ് ഏരിയയും നായിഫിലെ ഒരു ഭാഗവും പൂര്‍ണമായി ലോക്ക് ചെയ്തു. താമസക്കാര്‍ക്ക് അവശ്യ, ഭക്ഷണ വസ്തുക്കള്‍ ഉറപ്പു വരുത്താന്‍ പൊലീസും ഹെല്‍ത്ത് അഥോറിറ്റി വിഭാഗവും അതീവ ശ്രദ്ധ പുലര്‍ത്തുന്നു. മാത്രമല്ല, പ്രവാസികള്‍ ഭൂരിഭാഗമുള്ള നൂറുകണക്കിനാളുകള്‍ക്ക് ഭക്ഷണവും നല്‍കി വരുന്നു.
ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അധികൃതര്‍ കെഎംസിസിയെ പൂര്‍ണമായും ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നു.
ദേരയിലെ വളണ്ടിയര്‍ സേവനത്തിലും വര്‍സാനിലെ ഫര്‍ണിഷിംഗ് പ്രവര്‍ത്തനങ്ങളിലുമെല്ലാം അഭിനന്ദനങ്ങളും തൃപ്തിയും വിവിധ വകുപ്പുകള്‍ അറിയിച്ചുവെന്നതില്‍ ഓരോ പ്രവാസി മലയാളിക്കും, പ്രത്യേകിച്ചും കെഎംസിസി പ്രവര്‍ത്തകനും അഭിമാനിക്കാം. ഭീതി നിറഞ്ഞ് അകത്തിരിക്കുന്ന ഈ സമയത്ത് നിരവധി സഹായ, വിട്ടുവീഴ്ചാ പ്രഖ്യാപനങ്ങള്‍ യുഎഇ, ദുബൈ സര്‍ക്കാറുകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ കാര്യങ്ങളും പ്രവാസികള്‍ക്ക് ആശ്വാസവും സാന്ത്വനവും പകരുന്നത് തന്നെയാണ്.
നമുക്ക് പ്രാര്‍ത്ഥിക്കാം, കരുണയുള്ള ഈ ഭരണാധികാരികള്‍ക്കായി. നമുക്ക് നന്ദി പറയാം, സ്‌നേഹം വിതറുന്ന ഇമാറാത്തികളോട്…