തൊഴിലാളികള്‍ ജോലി സമയത്ത് സൈറ്റില്‍ തുടരണമെന്ന് നിര്‍ദേശം

ദുബൈ: നിര്‍മാണമേഖലയിലെ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും പാലിക്കേണ്ട നിയന്ത്രണങ്ങളും പ്രോട്ടോക്കോളുകളും സംബന്ധിച്ച് ദുബൈ സാമ്പത്തിക വകുപ്പ് നിര്‍ദേശങ്ങള്‍ പുറത്തിറക്കി. എല്ലാ തൊഴിലാളികളും ജോലി കാലയളവില്‍ സൈറ്റില്‍ തുടരേണ്ടതുണ്ട്. നിര്‍മ്മാണ സൈറ്റില്‍ നിന്ന് പുറത്തുപോകാന്‍ അവരെ അനുവദിക്കില്ല.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ദുബൈയിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണം, സിവില്‍ എഞ്ചിനീയറിംഗ്, മറ്റ് പ്രത്യേക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ബാധകമാണ്. എല്ലാ തൊഴിലാളികളും കയ്യുറകള്‍, ഗ്ലാസുകള്‍ എന്നിവയുള്‍പ്പെടെ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ധരിക്കേണ്ടതുണ്ട്. അവരുടെ ശരീര താപനിലയും രേഖപ്പെടുത്തേണ്ടതുണ്ട്. ഒരു തൊഴിലാളി കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ടെങ്കില്‍ ആരോഗ്യ അധികൃതര്‍ എത്തുന്നതുവരെ സംശയിക്കപ്പെടുന്ന തൊഴിലാളിയെ ക്വാറന്റീന്‍ ചെയ്യേണ്ടതുണ്ട്. സൈറ്റിലെ ഏതെങ്കിലും തൊഴിലാളികള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാലുടന്‍ അധികൃതരെ അറിയിക്കേണ്ടതാണ്.
ജോലി ചെയ്യുന്ന സ്ഥലങ്ങള്‍, ലിഫ്റ്റുകള്‍, ഓഫീസുകള്‍, വിശ്രമ മേഖലകള്‍ എന്നിവയില്‍ തിരക്ക് കൂടുന്നത് നിരോധിച്ചു. തൊഴിലാളികളുടെ വിശ്രമ സമയങ്ങളുടെ ശരിയായ ക്രമീകരണം ഉണ്ടായിരിക്കണം. മെറ്റീരിയലുകളുടെ ഡെലിവറി സംബന്ധിച്ച്, ഡെലിവറി ട്രക്കിന്റെ ഡ്രൈവര്‍ പിപിഇ ധരിക്കാതെ ഓഫ്ലോഡിംഗ് സമയത്ത് ഡ്രൈവര്‍ ക്യാബിനില്‍ നിന്ന് പുറത്തുപോകരുത്. എല്ലാ മെറ്റീരിയലുകളും നിര്‍മ്മാണ തൊഴിലാളികള്‍ ഓഫ്ലോഡ് ചെയ്യേണ്ടതാണ്. നിര്‍മ്മാണ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ആളുകള്‍ പിപിഇ ധരിക്കേണ്ടതാണ്. മാത്രമല്ല സൈറ്റില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ശരീര താപനിലയും കണക്കാക്കും. ദുബൈ മുനിസിപ്പാലിറ്റി സൈറ്റുകളില്‍ നിരീക്ഷണം നടത്തും.