ദുബൈ: യുഎഇയില്‍ കുടുങ്ങിയ പ്രവാസികളെയും നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെയും കൊണ്ടുപോവുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്ത്യന്‍ എംബസി താമസിയാതെ തുടങ്ങുമെന്ന് അറിയുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് പ്രക്രിയ ആരംഭിക്കാന്‍ യുഎഇയിലെ ഇന്ത്യന്‍ മിഷനുകള്‍ ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് യുഎഇ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ദില്ലിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പ്രക്രിയ സുഗമമാക്കുമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തില്‍ ദില്ലിയില്‍ നിന്നുള്ള അന്തിമ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്ന് കോണ്‍സുല്‍ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികളെ എങ്ങനെ എപ്പോള്‍ നാട്ടിലെത്തിക്കാമെന്ന തീരുമാനത്തിനായി കമ്മീഷനുകള്‍ കാത്തിരിക്കുകയാണ്. അതോടൊപ്പം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയോടും ഇന്ത്യന്‍ നാവിക സേനയോടും സജ്ജമാകാന്‍ നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാസി രജിസ്ട്രേഷനെക്കുറിച്ച് മറ്റു നയതന്ത്രവൃത്തങ്ങളും സമാനമായ പ്രതികരണമാണ് നടത്തിയത്. സര്‍ക്കാരിനു സമര്‍പ്പിച്ച പദ്ധതിയില്‍, നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകളിലായി 1,500 ഇന്ത്യക്കാരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ദില്ലിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും വിപുല്‍ പറഞ്ഞു. കുടിയൊഴിപ്പിക്കല്‍ രീതി ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും എയര്‍ ഇന്ത്യയും ഇതില്‍ പങ്കാളിയാകുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെ നാട്ടിലേക്ക് അയക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ബ്ലുകോളര്‍ തൊഴിലാളികള്‍ക്കായിരിക്കും ആദ്യപരിഗണന ലഭിക്കുക. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിഗണന ലഭിക്കും. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ഇന്ത്യന്‍ മിഷനുകളോട് ആവശ്യപ്പെടും. കൂടാതെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് അതത് സംസ്ഥാനങ്ങളുമായി ഏകോപിപ്പിക്കേണ്ടതുണ്ട്. മടങ്ങിവരുന്നവര്‍ക്ക് പ്രത്യേക പരിശോധന നടത്തി ക്വാറന്റീന് തീരുമാനിക്കും. ഇതിനായി വിദേശകാര്യ മന്ത്രാലയം പ്രത്യേക കണ്ട്രോള് റൂം സജ്ജമാക്കും.
ഏകദേശം 10 ദശലക്ഷം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. അവരില്‍ പലരും തുറമുഖ നഗരങ്ങളിലാണ് താമസിക്കുന്നത്, അതിനാലാണ് ഇന്ത്യന്‍ നാവികസേനയോട് കടല്‍ മാര്‍ഗങ്ങളിലൂടെ കുടിയൊഴിപ്പിക്കലിന് വിശദമായ പദ്ധതി നല്കാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതിനായി വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രം കൂടിയാലോചന നടത്തുന്നുണ്ട്. ഇന്ത്യയ്ക്ക് 500 ലധികം വിമാനങ്ങളുണ്ട്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഇന്ത്യന്‍ വ്യോമയാനത്തിന് കഴിയുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.