പ്രവാസികളെ ഇരു കൈകള്‍ നീട്ടി സ്വീകരിക്കാന്‍ തയ്യാറായി മഹല്ല് കമ്മിറ്റികള്‍ രംഗത്ത്

ദുബൈ: പ്രവാസികള്‍ നാട്ടിലെത്തിയാല്‍ സമൂഹം ഒറ്റപ്പെടുത്തുമോയെന്ന പേടി ഇനി വേണ്ട. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിനടുത്ത് തുരുത്തി മഹല്ല് തുടങ്ങിവെച്ച ആശയം ഇന്ന് കേരളത്തിലെ മറ്റ് മഹല്ലുകളും സംഘടനകളും ഏറ്റെടുത്തിരിക്കുന്നു.
ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് വഴിയോ അല്ലാതെയോ പ്രവാസികള്‍ നാട്ടിലെത്തിയാല്‍ തുരുത്തി മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള റൗളത്തുല്‍ ഉലൂം ഹൈസ്‌കൂള്‍ ഐസൊലേഷന്‍ സെന്റര്‍ ആയി നല്‍കാമെന്ന് ചൂണ്ടിക്കാട്ടി കമ്മിറ്റി സെക്രട്ടറി പഞ്ചായത്തിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. തങ്ങളുടെ ഗ്രാമത്തിന്റെ താങ്ങും തണലുമായ പ്രവാസികള്‍ ഒരപകടത്തില്‍ പെടുമ്പോള്‍ കൈ പിടിച്ച് സഹായിക്കേണ്ടത് നാട്ടിലെ ഓരോരുത്തരുടേയും കടമയാണെന്നും തുരുത്തി ഗ്രാമവാസികള്‍ നേരത്തെ തിരിച്ചറിയുകയായിരുന്നു. ഇവര്‍ നാട്ടിലെത്തിയാല്‍ നിശ്ചിത കാലയളവിലേക്ക് സുരക്ഷിതമായി പാര്‍പ്പിക്കാനും അവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങളും അവശ്യ വസ്തുക്കളും നല്‍കാനും തുരുത്തി ഗ്രാമവാസികള്‍ ഉത്സാഹത്തോടെ തയാറായി വന്നു എന്നത് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മഹല്ല് കമ്മിറ്റികള്‍ക്കും മാതൃകയായി മാറിയെന്നാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
തുരുത്തി മഹല്ല് കമ്മിറ്റിക്ക് പിന്നാലെ പെരുമ്പ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി, തായിനേരി മുസ്‌ലിം ജമാഅത്ത്, എട്ടിക്കുളം ജമാഅത്ത് കമ്മിറ്റി, കണ്ണൂരിലെ മജ്‌ലിസുദ്ദഅവത്തിസ്സുന്നിയ്യ, മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി തുടങ്ങിയവയെല്ലാം തങ്ങളുടെ സ്ഥാപനങ്ങള്‍ പ്രവാസികള്‍ക്ക് വിട്ടു കൊടുക്കാന്‍ തയാറാണെന്ന് ഇതിനകം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളെമ്പാടും കോവിഡ് 19 വ്യാപകമായതോടെ ഭീതിയിലായ പ്രവാസികള്‍ എങ്ങനെയെങ്കിലും നാടാണയാന്‍ കൊതിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വിമാന സര്‍വീസിന് അനുമതി ലഭിക്കാതായതോടെ ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ വിഷയം കോടതിയിലെത്തിച്ചത് ഏവരിലും ഏറെ ആശ്വാസമുളവാക്കിയിട്ടുണ്ട്. കോടതിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാവുകയാണെങ്കില്‍ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫ്‌ളൈറ്റ് ഇവിടെ നിന്ന് പറന്നുയരുമെന്നാണ് സൂചന. ഇന്ത്യന്‍ ഗവണ്‍മെന്റ് അനുമതി നല്‍കുകയാണെങ്കില്‍ യുഎഇയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് വഴി നിരവധി പേര്‍ക്ക് നാട്ടിലെത്താനാകുമെന്നത് വലിയ ആശ്വാസം തന്നെയാണെന്ന് യുഎഇയിലെ ട്രാവല്‍ രംഗത്തെ പ്രമുഖനും സ്മാര്‍ട് ട്രാവല്‍ എംഡിയുമായ അഫി അഹ്മദ് നേരത്തെ പറഞ്ഞു. ഇപ്പോള്‍ നാട്ടിലുള്ള അഫി അഹ്മദ് തന്നെയാണ് പ്രവാസികളുടെ ഐസൊലേഷന് വേണ്ടിയുള്ള ആശയം ആദ്യം മുന്നോട്ട് വെച്ചതും.