റാസല്‍ഖൈമയിലെ പ്രഥമ കോവിഡ് 19 ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റര്‍ ആരംഭിച്ചു

44

ആഷിക്ക് നന്നംമുക്ക്
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ പ്രഥമ കോവിഡ് 19 ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ഖാസിമിയാണ് സ്‌ക്രീനിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഞായറാഴ്ച രാവിലെയാണ് എമിറേറ്റിലെ ആദ്യ ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റര്‍ തുടങ്ങിയത്.
കൊറോണ വൈറസിന്റെ വ്യാപനം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാസല്‍ഖൈമ ഖുസാമില്‍ ശൈഖ് സായിദ് മസ്ജിദിനടുത്തുള്ള ഈദ് ഗാഹ് മൈതാനത്ത് പുതിയ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഡ്രൈവ് ത്രൂ സെന്ററില്‍ ഏറ്റവും നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍ മുഖേനയാണ് ടെസ്റ്റുകള്‍ നടത്തുന്നതെന്നും മെഡിക്കല്‍ മേഖലയില്‍ മികച്ച പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രതിദിനം 500 പേരെ പരിശോധിക്കാവുന്ന രീതിയിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഒരാളുടെ സ്‌ക്രീനിംഗ് ടെസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ചു മിനിറ്റ് മാത്രമേ സമയമെക്കൂ. മാനദണ്ഡങ്ങള്‍ പാലിച്ച് ടെസ്റ്റുകള്‍ നടത്തുന്നവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 370 ദിര്‍ഹമും നല്‍കേണ്ടി വരും. അപ്പോയിന്‍മെന്റിന് മുന്‍കൂട്ടി ഫോണ്‍ വഴി ബുക് ചെയ്യണം. ഗര്‍ഭിണികള്‍, കുട്ടികള്‍, ആരോഗ്യപരമായി അസ്വസ്ഥത അനുഭവിക്കുന്ന പ്രായമേറിയവര്‍, വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.
സ്‌ക്രീനിംഗ് സെന്റര്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ പ്രവര്‍ത്തിക്കും. ടെസ്റ്റ് ഫലം എസ്എംഎസ് വഴി ലഭിക്കും. അപ്പോയിന്റ്‌മെന്റ് ബുക് ചെയ്യാന്‍ ടോള്‍ ഫ്രീ നമ്പര്‍ 800 1717 ല്‍ വിളിക്കണം.