നിബന്ധനകളോടെ അബുദാബി മത്സ്യ വിപണി വീണ്ടും തുറക്കുന്നു

ദുബൈ: കടുത്ത നിബന്ധനകളോടെ അബുദാബിയിലെ മത്സ്യ വിപണികള്‍ വീണ്ടും തുറന്നു. പ്രധാനമായും ഉപഭോക്താക്കള്‍ 2.5 മീറ്റര്‍ ദൂരം അകലം പാലിക്കുകയും മാസ്‌കുകളും കയ്യുറകളും ധരിക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി എമിറേറ്റിലെ മത്സ്യ വിപണികള്‍ വീണ്ടും തുറന്നു. അതോടൊപ്പം എല്ലാ സമയത്തും പാലിക്കേണ്ട കര്‍ശനമായ നിയമങ്ങള്‍ അവതരിപ്പിച്ചു.
അബുദാബിയിലെ മത്സ്യ വിപണികള്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചകഴിഞ്ഞ് 5.30 മുതല്‍ രാത്രി 7.30 വരെയും തുറന്നിരിക്കും.
രാവിലെ 6.30 മുതല്‍ 9 വരെ ലേലം അനുവദിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഒരു സര്‍ക്കുലറില്‍ പറഞ്ഞിരുന്നുവെങ്കിലും എല്ലാ ലേലങ്ങളും ഉപഭോക്താക്കളില്‍ നിന്ന് അകലെ സ്ഥിതിചെയ്യുന്ന സൈറ്റുകളില്‍ നടത്തണമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. ഫെയ്സ് മാസ്‌കുകളും കയ്യുറകളും ധരിക്കുന്നതിനു പുറമേ ലേലങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും പരസ്പരം കുറഞ്ഞത് 2.5 മീറ്ററെങ്കിലും അകലം പാലിക്കേണ്ടതുണ്ട്. കൊറോണ വൈറസ്് വ്യാപനത്തിനെതിരെ വിപുലമായ മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കാന്‍ മത്സ്യ വിപണികളുടെ നടത്തിപ്പ് ബാധ്യസ്ഥരാണെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ് ദുബൈയില്‍ വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു. പൊലീസ് പട്രോളിംഗുമായി ഏകോപിപ്പിച്ച് സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി മത്സ്യ മാര്‍ക്കറ്റുകളുടെ പ്രവേശനവും എക്‌സിറ്റ് ഗേറ്റുകളും നിയന്ത്രിക്കണം. ഫെയ്‌സ് മാസ്‌കുകള്‍ ധരിക്കാത്ത ആളുകള്‍ക്ക് പ്രവേശനം നിഷേധിക്കും. കൂടാതെ ഓരോ സന്ദര്‍ശകന്റെയും ശരീര താപനില രേഖപ്പെടുത്തണം. 37.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കും-സര്‍ക്കുലര്‍ പറഞ്ഞു. എല്ലാ സന്ദര്‍ശകര്‍ക്കും കയ്യുറകള്‍ നല്‍കുമെന്നും എല്ലാ പ്രവേശന, എക്‌സിറ്റ് പോയിന്റുകളിലും ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുകള്‍ സ്ഥാപിക്കണമെന്നും അബുദാബിയിലെ സുരക്ഷാ അതോറിറ്റി ചൂണ്ടിക്കാട്ടി.
എല്ലാ സമയത്തും ഫെയ്‌സ് മാസ്‌കുകളും കയ്യുറകളും ധരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ ഉപഭോക്താക്കളെ ഉല്‍പ്പന്നങ്ങളില്‍ സ്പര്‍ശിക്കുന്നത് തടയാന്‍ അനുമതി നല്‍കുകയും ചെയ്തു. മത്സ്യം വൃത്തിയാക്കി നല്‍കുന്നതുവരെ നിയുക്ത കൗണ്ടറുകളില്‍ അവര്‍ കാത്തിരിക്കണം.