പ്രവാസികളെ വരവേല്‍ക്കാന്‍ കൂടുതല്‍ സ്ഥാപനങ്ങള്‍; വിമാന സര്‍വീസ് ആവശ്യം ശക്തം

അബുദാബി: ഗള്‍ഫ് നാടുകളില്‍ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കില്‍ അവര്‍ക്കാാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാന്‍ തയാറാണെന്ന് അറിയിച്ച് നിരവധി സംഘടനകളും സ്ഥാപന മേധാവികളും രംഗത്തെത്തി. പ്രവാസികള്‍ നാട്ടിലെത്തിയാല്‍ കോവിഡ് 19 കൂടുതല്‍ വ്യാപകമാകുമെന്ന അധികൃതരുടെ ആശങ്ക അസ്ഥാനത്താക്കാന്‍ സഹായകമാകുന്ന വിധത്തിലാണ് നൂറുകണക്കിന് സ്ഥാപനങ്ങള്‍ പ്രവാസികള്‍ക്കായി വിട്ടു നല്‍കാമെന്ന വാഗ്ദാനം വന്നിട്ടുള്ളത്.
മുസ്‌ലിം ലീഗ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, മുജാഹിദ് പ്രസ്ഥാനങ്ങള്‍, കാന്തപുരം വിഭാഗം സമസ്ത തുടങ്ങി വിവിധ സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ നൂറുകണക്കിന് സ്ഥാപനങ്ങളാണ് പ്രവാസികളെ പാര്‍പ്പിക്കാനും നിരീക്ഷണത്തിലിരിക്കാനുമുള്ള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്.
സ്മാര്‍ട് ട്രാവല്‍ എംഡി അഫി അഹ്മദ് ആണ് വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സന്നദ്ധമാണെന്ന അറിയിപ്പുമായി ആദ്യം രംഗത്ത് വന്നത്. തുരുത്തി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി തിരിച്ചു വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സന്നദ്ധമാണെന്ന ആദ്യ പ്രഖ്യാപനം നടത്തിയതിന് പിന്നിലെ ചാലക ശക്തിയായതും അഫിയുടെ നീക്കമായിരുന്നു. ഇപ്പോള്‍ ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, അഡ്വ. മുഹമ്മദ് ഷാഫി എന്നിവര്‍ മുഖേന കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതില്‍ കോടതി കേന്ദ്ര-കേരള സര്‍ക്കാറുകളോട് വിശദീകരണം ആവശ്യപ്പെട്ടത് ഈ ദിശയിലുള്ള ഏറ്റവും മികച്ച നീക്കമാണ്. ഇക്കാര്യത്തില്‍ സാങ്കേതിക പിന്തുണയും അഫി നല്‍കുകയുണ്ടായി.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ പ്രവാസികള്‍ക്കായി സൗകര്യമൊരുക്കാന്‍ തയാറാണെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തി. തുടര്‍ന്ന്, കേരളത്തിലെ പ്രധാന സംഘടനകളെല്ലാം തങ്ങളുടെ സ്ഥാപനങ്ങള്‍ പ്രവാസികള്‍ക്കായി നല്‍കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തുകയായിരുന്നു. ഏറെ ആശ്വാസത്തോടെയാണ് സ്ഥാപന മേധാവികളുടെ അറിയിപ്പിനെ പ്രവാസികള്‍ സ്വീകരിച്ചത്. പ്രവാസികള്‍ പ്രതിസന്ധിയാലപ്പോള്‍ തങ്ങള്‍ക്കു വേണ്ടി സ്ഥാപനങ്ങളുടെ കവാടങ്ങള്‍ തുറന്നു നല്‍കാന്‍ സന്മനസ് കാണിച്ചവരെ പ്രവാസികള്‍ അഭിനന്ദിക്കുകയാണ്. എന്നാല്‍, പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഇപ്പോഴും കേന്ദ്ര സര്‍ ക്കാര്‍ അനുകൂല മനോഭാവം പുലര്‍ത്തിയിട്ടില്ല. രോഗമില്ലാത്തവരാണ് നാട്ടില്‍ വരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. എങ്കിലും, ഇവരെ എയര്‍ പോര്‍ട്ടില്‍ പരിശോധനക്കു വിധേയമാക്കി വിവിധ സ്ഥാപനങ്ങളിലേക്ക് മാറ്റുകയും നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്യുകയാണെങ്കില്‍ രോഗം പരക്കുമെന്ന ആശങ്ക മാറ്റിയെടുക്കാന്‍ കഴിയും.
നിരവധിപേര്‍ തിങ്ങിത്താമസിക്കുന്ന ഫ്‌ളാറ്റുകളില്‍ നിന്നും നാട്ടിലേക്ക് മാറാന്‍ കഴിയുകയാണെങ്കില്‍ ഇപ്പോള്‍ അനുഭവിക്കുന്ന കടുത്ത മാനസിക സംഘര്‍ഷത്തിന് അറുതി വരികയും അതു വഴി ആരോഗ്യം സംരക്ഷിക്കാനും കഴിയുമെന്ന് പ്രവാസികള്‍ കരുതുന്നു.
എന്നാല്‍, പ്രതിസന്ധി ഘട്ടത്തില്‍ കഴിയുന്ന തങ്ങളുടെ കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ മടിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രവാസികള്‍ ഏറെ ഉത്കണ്ഠാകുലരാണ്. കേരളത്തില്‍ പ്രവാസികളെ താമസിപ്പിക്കാനും രോഗം പടരാതെ നോക്കാനുമുള്ള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറും വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നതും പ്രവാസികളെ വേദനിപ്പിക്കുന്നുണ്ട്.