ദുബൈ: യുഎഇയില്‍ നിന്നുമുള്ള യാത്രാ-ട്രാന്‍സിറ്റ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത് ഇപ്പോഴും പ്രാബല്യത്തിലുള്ളതാണ്. എന്നാല്‍, തങ്ങളുടെ ജന്മനാട്ടിലേക്ക് തിരികെ പോകണമെന്നുള്ള റെസിഡെന്‍സ്, വിസിറ്റ് വിസക്കാര്‍ക്ക് താല്‍ക്കാലിക വിമാന സര്‍വീസുകള്‍ അനുവദിക്കുന്നതാണ്. യുഎഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയ അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ മുന്‍കരുതലുകളും ബാധകമാക്കിക്കൊണ്ടാകും താല്‍ക്കാലിക അനുമതി നല്‍കുക. ഇങ്ങനെ, ജന്മനാടുകളിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ യുഎഇയിലെ തങ്ങളുടെ എംബസികളെ സമീപിക്കണമെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് വിമാന സര്‍വീസ് അനുമതി
കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം
വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ സര്‍വീസിന് ഈ മാസം 15ന് ശേഷം അനുവദിക്കുന്നത് എവിടെ നിന്ന് വരുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. ”ഏപ്രില്‍ 14 വരെയാണ് ലോക്ക്ഡൗണ്‍. വിമാന സര്‍വീസ് പുനരാരംഭിക്കല്‍ ഓരോ കേസും വിലയിരുത്തിക്കൊണ്ടായിരിക്കും. ഇന്ത്യ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 വരെയാണുള്ളത്.
മുഴുവന്‍ രാജ്യാന്തര-ആഭ്യന്തര വിമാന വാണിജ്യ സര്‍വീസുകളും ഈ സമയം വരെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്” -വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഇന്ത്യക്കാരെ ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കണം -അദ്ദേഹം വ്യക്തമാക്കി. അതേസമയം, കാര്‍ഗോ വിമാനങ്ങള്‍, വൈദ്യ രക്ഷാ വിമാനങ്ങള്‍, ഓഫ്‌ഷോര്‍ ഹെലിക്കോപ്റ്റര്‍ ഓപറേഷനുകള്‍, ഡിജിസിഎ അനുവദിക്കുന്ന പ്രത്യേക സര്‍വീസുകള്‍ എന്നിവ ഇക്കാലയളവില്‍ തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി.