ഫ്‌ളൈ ദുബൈ 13 രാജ്യങ്ങളിലേക്ക് ടിക്കറ്റ് വില്‍പന ആരംഭിച്ചു

ദുബൈ: കോവിഡ് 19മായി ബന്ധപ്പെട്ട് യുഎഇയില്‍ നിന്നും ജന്മനാടുകളിലേക്ക് മടങ്ങിപ്പോകാനാഗ്രഹിക്കുന്ന 13 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കായി ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബൈ ടിക്കറ്റ് വില്‍പന ആരംഭിച്ചു. അസര്‍ബൈജാന്‍, ബള്‍ഗേറിയ, ക്രൊയേഷ്യ, ജോര്‍ജിയ, ഇറാഖ്, ഇറാന്‍, കിര്‍ഗിസ്താന്‍, റൊമാനിയ, റഷ്യ, സെര്‍ബിയ, താജികിസ്താന്‍, ഉക്രൈന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അവരുടെ നാടുകളിലെത്താനുള്ള സൗകര്യമാണ് ഫ്‌ളൈ ദുബൈ ഒരുക്കുന്നത്. നേരത്തെ, ഫ്‌ളൈ ദുബൈ പാക്കിസ്താനിലേക്കും ഇന്ത്യയിലേക്കും ടിക്കറ്റ് ബുക്കിംഗ് നടത്തിയിരുന്നു. ഇന്നലെയാണ് 13 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസിന്റെ കാര്യം അധികൃതര്‍ പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസയിലും റെസിഡെന്‍സ് വിസയിലുമുള്ളവര്‍ക്ക് ഇപ്പോള്‍ ടിക്കറ്റ് ബുക് ചെയ്യാവുന്നതാണ്. എന്നാല്‍, വിമാനം പറക്കുന്നതിന് മുന്‍പ് ഗവണ്‍മെന്റ് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഓരോ രാജ്യത്തെയും ജനങ്ങളെ സുരക്ഷിതമായി അവരുടെ നാടുകളിലെത്തിക്കാന്‍ ഫ്‌ളൈ ദുബൈ 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരികയാണ്. തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളിലേക്ക് ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പറക്കാവുന്നതാണ്. പ്രത്യേക മടക്ക യാത്രാ ഫ്‌ളൈറ്റുകളാണിവയെന്നും അധികൃതര്‍ വ്യക്തമാക്കി. ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-2ല്‍ നിന്നാണ് വിമാനങ്ങള്‍ പുറപ്പെടുക. വിമാനത്തിനകത്ത് ഭക്ഷണം നല്‍കുന്നതല്ല. വിമാനം റദ്ദാക്കപ്പെടുകയാണെങ്കില്‍ പിഴയും ഉണ്ടായിരിക്കില്ല. റീഫണ്ടിംഗ് ഫ്‌ളൈ ദുബൈ വൗചര്‍ ആയി ഇഷ്യൂ ചെയ്യും.