കുവൈത്തില്‍ ഭക്ഷണ കിറ്റുമായി കെഎംസിസി

ഭക്ഷണ കിറ്റുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനത്തില്‍ കുവൈത്ത് കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും

കുവൈത്ത് സിറ്റി: സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാന്ത്വന പ്രവര്‍ത്തനവുമായി ജനമനസ്സുകളിലിടം നേടിയ കെഎംസിസി. കൊറോണ വ്യാപനത്തിനെതിരെയുള്ള മുന്‍കരുതലായി കുവൈത്ത് ഭരണകൂടമേര്‍പ്പെടുത്തിയ ഭാഗിക ലോക്ക് ഡൗണ്‍ മൂലം തൊഴിലില്ലായ്മയും മറ്റു പല കാരണങ്ങളാലും ഭക്ഷണത്തിന് പ്രയാസം നേരിട്ടപ്പോള്‍ അത്തരം ആളുകള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ച് ആശ്വാസമാവുകയാണ് കുവൈത്ത് കെഎംസിസിയും. പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, വൈസ് പ്രസിഡന്റുമാരായ എന്‍.കെ ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, വൈറ്റ് ഗാര്‍ഡ് അംഗങ്ങളടക്കമുള്ളവരുടെ നേതൃത്വത്തില്‍ കുവൈത്തിലെ വിവിധ ഫുഡ് സ്റ്റഫ് കമ്പനികളുമായി സഹകരിച്ച് നൂറുകണക്കിന് ഭക്ഷണ കിറ്റുകള്‍ തയ്യാറാക്കുകയും ചെയ്തു. കിറ്റുകളുടെ വിതരണത്തിനായി സംസ്ഥാന-ജില്ലാ-മണ്ഡലം ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരും സജീവമായി പ്രവര്‍ത്തിച്ചു വരുന്നതായി കണ്ണേത്ത് പറഞ്ഞു. മത-ജാതി-കക്ഷി രാഷ്ട്രീയ ഭേദമെന്യേ പ്രയാസമനുഭവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഈ സഹായം എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ ജില്ലാ കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും സ്വന്തം നിലയിലും ഭക്ഷ്യ കിറ്റുകളുടെ വിതരണം നടത്തുന്നുണ്ട്. കൂടാതെ, ഇവിടെ ശമ്പളം ലഭിക്കാത്തതിനാല്‍ നാട്ടില്‍ കുടുംബങ്ങളില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് വിവിധ ഗ്‌ളോബല്‍ കെഎംസിസികളുമായി സഹകരിച്ചും ഭക്ഷ്യ കിറ്റുകള്‍ എത്തിച്ചു നല്‍കുന്നുണ്ട്. സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ക്ക് മരുന്നെത്തിച്ച് നല്‍കി കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിംഗും സജീവമായി സേവന രംഗത്തുണ്ട്.