ജിസിസിയില്‍ മരണം 42, രോഗികള്‍ 5729

അബുദാബി: ജിസിസി രാജ്യങ്ങളിലെ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 41 ആയി. ഇന്നലെ സഊദിഅറേബ്യയില്‍ നാലു പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. സഊദിയില്‍ ഇതിനകം 25 പേരാണ് കോവിഡ് 19 മൂലം മരിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ മൊത്തം രോഗബാധിതരുടെ എണ്ണം 5,729 ആയി ഉയര്‍ന്നു. സഊദി അറേബ്യയില്‍ 2,039 പേരാണ് രോഗബാധിതരായി കഴിയുന്നത്. ഖത്തര്‍ 1075, യുഎഇ 1264, ബഹ്‌റൈന്‍ 672, കുവൈത്ത് 417, ഒമാന്‍ 252 എന്നിങ്ങനെയാണ് രോഗബാധിതര്‍. വിവിധ രാജ്യങ്ങളിലായി ഇതു വരെ 57,000 പേരാണ് മരിച്ചത്. 10,70,000 പേര്‍ ലോകത്താകെ രോഗ ബാധിതരാണ്. മൂന്നു ദിവസത്തിനിടയില്‍ വിവിധ രാജ്യങ്ങളിലായി 15,000 പേര്‍ക്കാണ് ജീവഹാനി ഉണ്ടായത്. രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തുവെന്നത് സൃഷ്ടിക്കുന്ന ഭയപ്പാട് ചെറുതല്ല. അതിവേഗം വ്യാപനം നടന്നു കൊണ്ടിരിക്കുന്നുവെന്നത് ആരോഗ്യ മേഖലയെ ഒന്നടങ്കം ആശങ്കയിലാക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകളും കരുതലുകളും വൃഥാവിലാകുന്ന കാഴ്ചയാണ് ലോക രാജ്യങ്ങളില്‍ കണ്ടു കൊണ്ടിരിക്കുന്നത്. വരുംദിവസങ്ങളില്‍ സമൂഹ വ്യാപനത്തിന് വേഗമേകുമെന്ന ഭയമാണ് ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളിലും മുന്‍കരുതലുകള്‍ പാളിപ്പോയതായാണ് രോഗികളുടെ പെരുപ്പത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അന്താരാഷ്ട്ര വ്യോമ കവാടങ്ങള്‍ അടക്കാന്‍ വൈകിയതും വിനോദ സഞ്ചാരികളുടെ ബാഹുല്യവും പലയിടങ്ങളിലും പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയില്‍ രോഗികളുടെ എണ്ണം രണ്ടേ മുക്കാല്‍ ലക്ഷത്തിലേക്ക് കടക്കുകയാണ്. 7,000ത്തോളം പേരാണ് ഇതിനകം ഇവിടെ കോവിഡ്-19 മൂലം മരിച്ചത്. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് അമേരിക്കയില്‍ തന്നെയാണ് രോഗം വ്യാപകമായി പടര്‍ന്നു കൊണ്ടിരിക്കുന്നത്. ഏറെ ആശങ്കയോടെയാണ് അമേരിക്കയിലെ രോഗവ്യാപനം ലോകം നോക്കിക്കാണുന്നത്. ന്യൂയോര്‍ക്കിലാണ് കൊറോണ വ്യാപകമായി പടര്‍ന്നു കയറിയത്. ഇറ്റലി, ജര്‍മനി, സ്‌പെയിന്‍ രാജ്യങ്ങളില്‍ ദിനേന 5,000-6,000 പേരിലേക്കാണ് രോഗം വ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഇറ്റലിയിലും ജര്‍മനിയിലും രോഗികളുടെ എണ്ണം ഒന്നേ കാല്‍ ലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അമേരിക്കയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീതി ഇവിടെയും പരന്നിട്ടുണ്ട്. ബ്രിട്ടനില്‍ രോഗികള്‍ 40,000ത്തിന് താഴെയാണെങ്കിലും മരണ സംഖ്യ നാലായിരത്തോളമായിട്ടുണ്ട്. മൊത്തം രോഗികളില്‍ 10 ശതമാനം മരണത്തിന് വിധേയരായിട്ടുണ്ടെന്നത് രോഗം മൂര്‍ഛിച്ചതിന്റെ സൂചനയാണ് നല്‍കുന്നത്. രോഗികളുടെ ശതമാനക്കണക്കില്‍ ബ്രിട്ടനിലാണ് മരണം ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത്. ചൈനയില്‍ മൊത്തം രോഗ ബാധിതരില്‍ നാലു ശതമാനം മാത്രമാണ് ഇതു വരെ മരണമടഞ്ഞിട്ടുള്ളത്.