ജിസിസിയില്‍ കൊറോണ രോഗികള്‍ അര ലക്ഷം കടന്നു; മരണം 292, ഭേദമായവര്‍ 8,885

റസാഖ് ഒരുമനയൂര്‍
അബുദാബി: ജിസിസി രാജ്യങ്ങളില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം അര ലക്ഷം കവിഞ്ഞു. ആറു ഗള്‍ഫ് രാജ്യങ്ങളിലായി ഇതു വരെ 51,759 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ ഏറ്റവും കൂടുതല്‍ പേര്‍ സഊദി അറേബ്യയിലാണ്. രണ്ടാം സ്ഥാനത്ത് ഖത്തറാണ്. ഇതു വരെയായി ഗള്‍ഫ് നാടുകളില്‍ 292 പേരാണ് കോവിഡ് 19 മൂലം മരിച്ചത്. ഇവരില്‍ 20ലേറെ പേര്‍ മലയാളികളാണ്.
സഊദി അറേബ്യയില്‍ രണ്ടു ലക്ഷം പേരില്‍ നടത്തിയ പരിശോധനയില്‍ 200,77 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. സഊദിയില്‍ 152 പേരാണ് കൊറോണ മൂലം മരിച്ചത്. 2,784 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 118 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ഖത്തറില്‍ 11,921 പേര്‍ രോഗബാധിതരായി കഴിയുന്നുണ്ട്. 10 പേരാണ് ഇവിടെ കോവിഡ് മൂലം മരിച്ചത്. 88,607 പേരിലാണ് രോഗ സ്ഥിരീകരണത്തിനായി പരിശോധന നടത്തിയത്. ഇതു വരെ 1,134 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. 2.83 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ഖത്തറില്‍ ഇത്രയേറെ പേര്‍ക്ക് രോഗം പിടിപെട്ടുവെന്നത് ആരോഗ്യ മേഖലയിലുള്ളവരില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
അതേസമയം, 10 ദശലക്ഷത്തോളം ജനസംഖ്യയുള്ള യുഎഇയില്‍ 10,57,326 പേര്‍ക്ക് കൊറോണ പരിശോധന നടത്തുകയുണ്ടായി. ഇതില്‍ 11,380 പേരിലാണ് പോസിറ്റീവ് കണ്ടത്. 89 പേരാണ് ഇതിനകം മരിച്ചത്. 2,181പേര്‍ക്ക് രോഗം സുഖപ്പെട്ടു. കുവൈത്തില്‍ 3,440 പേര്‍ക്കാണ് കൊറോണ പിടിപെട്ടത്. ഇതില്‍ 1,176 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 23 പേരുടെ മരണമാണ് ഇവിടെ രേഖപ്പെടുത്തിയത്. 67 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്.
ബഹ്‌റൈനില്‍ 2,810 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. എട്ടു പേരാണ് ബഹ്‌റൈനില്‍ മരിച്ചത്. 1,246 പേര്‍ക്ക് രോഗം ഭേദമായി. ഒടുവിലെ കണക്കനുസരിച്ച്, രണ്ടു പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഒമാനില്‍ 2,131 പേര്‍ക്കാണ് കോവിഡ് 19 ബാധിച്ചത്. 10 പേര്‍ മരിച്ചു. 364 പേര്‍ക്ക് രോഗം സുഖപ്പെട്ടു. അതേസമയം, ഏറ്റവും പുതിയ കണക്കനുസരിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ 263 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഏറ്റവും കൂടുതല്‍ പേര്‍ സഊദിഅറേബ്യയിലാണ് ഗുരുതരാവസ്ഥയിലുണ്ട്. ഖത്തറും കുവൈത്തുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ 20,000 പേരിലാണ് രോഗം കണ്ടെത്തിയത്. 86 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.

പരിശോധനയിലും പരിചരണത്തിലും യുഎഇ മുന്നില്‍

കോവിഡ് 19 പരിശോധനയുടെയും ആരോഗ്യ പരിപാലനത്തിന്റെയും കാര്യത്തില്‍ യുഎഇ ലോക രാജ്യങ്ങളില്‍ തന്നെ മുന്‍പന്തിയിലാണെന്ന് ഇതുസംബന്ധിച്ച അന്താരാഷ്ട്ര കണക്കുകള്‍ വ്യക്തമാക്കുന്നു. 30 കോടി ജനസംഖ്യയുള്ള അമേരിക്കയില്‍ ഇതു വരെ 50 ലക്ഷം പേര്‍ക്ക് മാത്രമാണ് കോവിഡ് പരിശോധന നടത്തിയത്. അതേസമയം, ഒരു കോടിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള യുഎഇയില്‍ ഇതിനകം 10.5 ലക്ഷം പേര്‍ക്ക് പരിശോധന നടത്തുകയുണ്ടായി. ദശലക്ഷത്തില്‍ 106,904 പേരെ യുഎഇയില്‍ പരിശോധിച്ചപ്പോള്‍ അമേരിക്കയില്‍ 17,231 പേര്‍ക്കാണ് പരിശോധന നടന്നത്.
ഖത്തറില്‍ ദശലക്ഷത്തില്‍ 30,755 പേര്‍ എന്ന തോതിലും സഊദി അറേബ്യയില്‍ 5,745 പേര്‍ എന്ന കണക്കിലുമാണ് പരിശോധന നടന്നത്. കുവൈത്തില്‍ 41,915 പേരും ബഹ്‌റൈനില്‍ 71,263 പേരും എന്ന തോതിലും പരിശോധന നടന്നു. ഇന്ത്യയില്‍ ദശലക്ഷത്തില്‍ 519 പേര്‍ എന്ന തോതിലാണ് പരിശോധന നടന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് മരണം 2.1 ലക്ഷം;
രോഗബാധിതര്‍ 30 ലക്ഷം കടന്നു

കൊറോണ വൈറസ് മൂലം വിവിധ രാജ്യങ്ങളിലായി ഇതു വരെ 212,691 പേര്‍ മരിച്ചു. 30 ലക്ഷത്തില്‍ പരം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ചൈനയില്‍ 2,000 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ആശങ്കാകുലരായ ലോക രാജ്യങ്ങള്‍ ഇന്ന് മരണം രണ്ടു ലക്ഷം പിന്നിട്ടപ്പോള്‍ ശാശ്വതമായ പ്രതിവിധി കാണാനാവാതെ പ്രയാസപ്പെടുകയാണ്.