സ്വദേശങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്‌നേഹോഷ്മള യാത്രയയപ്പ്

243
ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി

ദുബൈ: ലോകമെമ്പാടും പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ഭീതിയില്‍ സ്വദേശങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ അധിക്യതര്‍ സ്‌നേഹോഷ്മള യാത്രയപ്പ് നല്‍കി. കഴിഞ്ഞ ദിവസം ദുബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടില്‍ യുഎഇയുടെ സ്‌നേഹമുദ്ര ഏറ്റുവാങ്ങിയാണ് മാതൃ രാജ്യത്തേക്ക് തിരിച്ചത്. ”വിട…, നമുക്ക് ഉടന്‍ വീണ്ടും കാണാം” എന്ന ആശ്വാസത്തിന്റെ മുദ്ര പാസ്‌പോര്‍ട്ടില്‍ പതിപ്പിച്ചാണ് ആളുകളെ യുഎഇ യാത്രയാക്കിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ആണ് പ്രത്യാശയുടെ ഈ സ്റ്റാമ്പ് പതിച്ചു നല്‍കിയത്.
പാസ്‌പോര്‍ട്ടില്‍ ഇത്തരത്തിലുള്ള അടയാളപ്പെടുത്തലിലൂടെ യാത്രക്കാര്‍ക്ക് പ്രതീക്ഷയുടെ സന്ദേശം കൈമാറുകയാണെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. രാജ്യം വിടുമ്പോള്‍ അവര്‍ കാണുന്ന പുതിയ പ്രത്യാശയുടെ അടയാളമായിരിക്കും ഈ മുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് എല്ലായ്‌പ്പോഴും സഞ്ചാരികളെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നതിനെ പ്രതിഫലിപ്പിക്കുന്നു. ഈ സമയത്ത് പിഴ ഒഴിവാക്കിയ യുഎഇ മന്ത്രിസഭാ ഉത്തരവുകള്‍ രാജ്യത്തിന്റെ മാനുഷിക മുഖമാണ് പ്രകടമാക്കുന്നത്. പ്രയാസകരമായ സമയങ്ങളില്‍ മനുഷ്യരെ ചേര്‍ത്തു പിടിക്കുകയാണ് യുഎഇ ഈ വേളയില്‍ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും അവരുടെ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും സ്വന്തം നാട്ടിലേക്ക് മടങ്ങാനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ദുബൈ എമിഗ്രേഷന്‍ എപ്പോഴും ശ്രദ്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യുഎഇ വിട്ട് തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാനാഗ്രഹിക്കുന്ന താമസക്കാരെയും സന്ദര്‍ശകരെയും സുരക്ഷിതമായി അവരുടെ സ്വദേശങ്ങളിലേക്ക് എത്തിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കുമെന്ന് യുഎഇ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

-അസീസ് മണമ്മല്‍