ഗള്‍ഫ് നാടുകളില്‍ മരണ സംഖ്യ 31, രോഗികള്‍ 4409

മരണം അര ലക്ഷത്തിനടുത്തേക്ക്; 10 ദിവസത്തിനിടെ 6.5 ലക്ഷം പുതിയ രോഗികള്‍

അബുദാബി:ഗള്‍ഫ് നാടുകളില്‍ ഇതു വരെ 31 പേര്‍ക്ക് കൊറോണ വൈറസ് മൂലം ജീവഹാനി നേരിട്ടു. സഊദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇന്നലെ ആറു പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ഇവിടെ മരണ സംഖ്യ 16 ആയി ഉയര്‍ന്നു. 1,720 പേരാണ് രോഗബാധിതരായി കഴിയുന്നത്. ഒമാനിലും ആദ്യ മരണം സ്ഥിരീകരിക്കപ്പെട്ടു. രോഗബാധിതരുടെ എണ്ണം 210 ആണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ രോഗികളുടെ കണക്കുകള്‍: ഖത്തര്‍ 781, യുഎഇ 814, ബഹ്‌റൈന്‍ 567, കുവൈത്ത് 317.
കൊറോണ വൈറസ് നാള്‍ക്കുനാള്‍ രാജ്യങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നു. ഓരോ ദിവസവും മരണ സംഖ്യ അതിവേഗമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. മൂന്നു ദിവസത്തിനിടെ വിവിധ രാജ്യങ്ങളിലുണ്ടായ മരണം പതിനായിരത്തോടടുക്കുകയാണ്. ചൈനയില്‍ നിന്ന് ജനുവരി ആദ്യ വാരം ആരംഭിച്ച കൊറോണ വിവിധ രാജ്യങ്ങള്‍ കടന്ന് അമേരിക്കയിലെത്തിയപ്പോള്‍ അതിന്റെ വേഗം പതിന്മടങ്ങായി വര്‍ധിച്ചു. യുഎസില്‍ മരണം അയ്യായിരത്തോടടുക്കുമ്പോള്‍ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനടുത്തെത്തിയിരിക്കുകയാണ്.
ലോകം കൂടുതല്‍ ആശങ്കയിലേക്ക് നീങ്ങുകയാണ്. ഓരോ മണിക്കൂറിലും കൊറോണ വൈറസ് മൂലമുള്ള മരണ സംഖ്യ ഉയരുകയും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ചൈനയിലും ഇറ്റലിയിലും സ്‌പെയിനിലുമെല്ലാം മനുഷ്യരെ കൊന്നൊടുക്കിയ കൊറോണയുടെ സംഹാര താണ്ഡവം അമേരിക്കയില്‍ മൂര്‍ധന്യാവസ്ഥയിലേക്ക് നീങ്ങുകയാണ്. ആരോഗ്യ ശാസ്ത്രം അതിന്റെ പരിഹാര സംവിധാനങ്ങള്‍ മുഴുവന്‍ പ്രയോഗിച്ചിട്ടും കോവിഡ്19നെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ലോകത്ത് ഭീതി പരത്തുകയാണ്.
വിവിധ രാജ്യങ്ങളിലായി ഇതു വരെ 45,000ത്തിലേറെ പേര്‍ മരിച്ചതായി അന്താരാഷ്ട്ര കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമ്പത് ലക്ഷത്തോളം പേരാണ് രോഗബാധിതരായി കഴിയുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ ആറര ലക്ഷം പേരിലേക്കാണ് കൊറോണ വൈറസ് കടന്നു കയറിയത് എന്നത് മാരക വ്യാധിയുടെ വ്യാപ്തിയാണ് വിളിച്ചോതുന്നത്. 35,000 പേര്‍ ഗുരുതരാവസ്ഥയിലാണ് വിവിധ രാജ്യങ്ങളില്‍ കഴിയുന്നത്. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും ദിനംപ്രതി വര്‍ധനയുണ്ടായിക്കൊണ്ടിരിക്കുകയാണ്.
ഇറ്റലിയിലും സ്‌പെയിനിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനു പുറത്താണ്. ഇറ്റലിയില്‍ 12,500 പേരും സ്‌പെയിനില്‍ 9,500 പേരും മരിച്ചു. ജര്‍മനിയില്‍ രോഗബാധിതരുടെ എണ്ണം മുക്കാല്‍ ലക്ഷം കടന്നപ്പോള്‍ ഫ്രാന്‍സില്‍ അര ലക്ഷം പിന്നിട്ടു. ഇറാനില്‍ കഴിഞ്ഞാഴ്ച അല്‍പം നിയന്ത്രണവിധേയമായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായി. 3,000 പേരാണ് കഴിഞ്ഞ ദിവസം രോഗബാധിതരായത്. ഇതോടെ, രോഗികളുടെ എണ്ണം 48,000ത്തിനടുത്തെത്തി. മരണ സംഖ്യ 3,036 ആണ്. ബ്രിട്ടനിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് മാത്രമല്ല, വേഗവുമുണ്ടായിട്ടുണ്ട്. 30,000 പേരാണ് ഇതിനകം രോഗികളായി മാറിയത്.
സ്വിറ്റ്‌സര്‍ലാന്റില്‍ 18,000 പേര്‍ രോഗികളായി. ബെല്‍ജിയം, നെതര്‍ലാന്റ്‌സ്,തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ 15,000 പേര്‍ കൊറോണ വൈറസിന്റെ പിടിയിലകപ്പെട്ടിട്ടുണ്ട്. ആസ്ട്രിയയയിലും ദക്ഷിണ കൊറിയയിലും 10,000 കടന്നപ്പോള്‍ കാനഡയും പോര്‍ച്ചുഗലും അതിനടുത്തെത്തി നില്‍ക്കുന്നു. ബ്രസീല്‍, ഇസ്രാഈല്‍, സ്വീഡന്‍, ആസ്‌ട്രേലിയ, നോര്‍വേ എന്നീ രാജ്യങ്ങളിലെല്ലാം 5,000ത്തില്‍ പരം പേര്‍ രോഗബാധിതരാണ്. ഡെന്‍മാര്‍ക്, അയര്‍ലാന്റ്, ചിലി എന്നിവ ഇതിനടുത്തെത്തി നില്‍ക്കുന്നു. മലേഷ്യ, റഷ്യ, റൊമാനിയ, പോളണ്ട്, ഫിലിപ്പീന്‍സ്, ജപ്പാന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗികള്‍ 2,000ത്തിന് മുകളിലാണ്.