റിയാദ്: ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തില്‍ ഇതു വരെ മാറ്റങ്ങള്‍ ഒന്നുമില്ലെന്നും കോവിഡ് സാഹചര്യം വിലയിരുത്തിയാകും ഹജ്ജ് കരാറുകള്‍ ഒപ്പു വെക്കുകയെന്നും രാജ്യങ്ങള്‍ ധൃതി വെക്കരുതെന്നും സഊദി ഹജ്ജ് കാര്യ മന്ത്രി മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബന്‍താന്‍ പറഞ്ഞു. മക്കയില്‍ അഖ്ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോക രാജ്യങ്ങള്‍ കോവിഡ് വൈറസിന്റെ പിടിയിലായതിനാല്‍ ആ മഹാമാരി നിയന്ത്രണത്തിലാകുന്നത് വരെ ഹജ്ജ് കരാര്‍ ഒപ്പു വെക്കരുതെന്ന് അദ്ദേഹം ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിശുദ്ധ ഹജ്ജിനും ഉംറക്കുമെത്തുന്ന ലോകമെങ്ങുമുള്ള തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ സഊദി അറേബ്യ എക്കാലവും തയ്യാറായിട്ടുണ്ട്. അതിനിയും തുടരും. എന്നാല്‍, ലോകം ഒരു പകര്‍ച്ചവ്യാധിയില്‍ പെട്ട് പകച്ചു നില്‍ക്കുന്ന സമയമാണെന്നോര്‍ക്കണം. കോവിഡിന്റെ അനിശ്ചിതത്വം നീങ്ങുന്നത് വരെ എല്ലാ രാജ്യങ്ങളും ഒരുക്കങ്ങള്‍ക്കായി കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു. ജൂലായ് ഒടുവിലാണ് ഹജ്ജ് കര്‍മം. ഇക്കൊല്ലത്തെ ഹജ്ജ് നിര്‍ത്തി വെക്കുമെന്ന് തെറ്റായ പ്രചാരണമുണ്ടായിരുന്നു. സെനഗലില്‍ സഊദി അംബാസഡര്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനവുമായി ബന്ധപ്പെട്ടായിരുന്നു കിംവദന്തി പ്രചരിച്ചത്. ഉംറക്കായി വിസകള്‍ സ്റ്റാമ്പ് ചെയ്ത ശേഷം യാത്രാ നിയന്ത്രണങ്ങളില്‍ പെട്ട് ഉംറ നിര്‍വഹിക്കാന്‍ സാധിക്കാത്തവര്‍ക്ക് ചെലവായ തുക തിരിച്ചു നല്‍കിയിട്ടുണ്ടെന്നും ഉംറക്ക് സഊദിയിലെത്തിയ ശേഷം യാത്രാ വിലക്ക് മൂലം തിരിച്ചു പോകാന്‍ സാധിക്കാത്ത 1,200 ഉംറ തീര്‍ത്ഥാടകരായ വിദേശികള്‍ക്ക് താമസവും ഭക്ഷണവുമടക്കം ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് സാലിഹ് വ്യക്തമാക്കി.