ആരോഗ്യ ആവശ്യങ്ങള്‍ക്കുള്ള സവാരിക്ക് ഹാല ടാക്‌സിയില്‍ 20 ശതമാനം ഇളവ്

    ദുബൈ: റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ച് ദുബൈ ടാക്സിയുടെ ബുക്കിംഗ് സേവനമായ ഹാല, നഗരത്തിലെ ആരോഗ്യ പരിപാലനത്തിന് പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ദുബൈയിലെ ടാക്‌സി സര്‍വീസായ ഹാല കരീം ആപ്ലിക്കേഷനില്‍ ബുക്ക് ചെയ്ത ഓരോ സവാരിയിലും 20 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു. തെരഞ്ഞെടുത്ത 43 ആശുപത്രികള്‍ക്കും ആരോഗ്യ സേവനങ്ങങ്ങള്‍ക്കുമാണിതെന്ന് ദുബൈ സര്‍ക്കാര്‍ മാധ്യമ ഓഫീസ് വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഹാല ദുബൈ ടാക്‌സി, ഹാല വാന്‍ ടാക്‌സി എന്നിവയില്‍ നിന്നും ഈ ഓഫര്‍ ഒരു ഉപയോക്താവിന് പരമാവധി 10 ട്രിപ്പുകള്‍ക്ക് ലഭ്യമാണ്. സര്‍ക്കാരിന്റെ ഉപദേശത്തെത്തുടര്‍ന്ന് ഹാല ദുബൈ ടാക്‌സി ബുക്ക് ചെയ്യുന്നത് ഭക്ഷണം, അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനും ആശുപത്രിയില്‍ പോകുന്നതിനും അല്ലെങ്കില്‍ മന്ത്രാലയങ്ങള്‍ അംഗീകരിച്ച സുപ്രധാന മേഖലകളിലൊന്നായ ആരോഗ്യം, ഊര്‍ജ്ജം, ടെലികമ്മ്യൂണിക്കേഷന്‍, സുരക്ഷ, പോലീസ് എന്നിവക്കാണ് ഇളവുകള്‍. നിലവിലെ സാഹചര്യങ്ങളില്‍ വെല്ലുവിളികള്‍ ലഘൂകരിക്കുന്നതില്‍ സജീവ പങ്കുവഹിക്കാനുള്ള ആര്‍ടിഎയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ സംരംഭം. നിര്‍ണായക സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എത്തിക്കുന്നതിന് ഭരണാധിപരുടെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കുകയാണെന്ന് ആര്‍ടിഎ പൊതുഗതാഗത ഏജന്‍സി സിഇഒ അഹമ്മദ് ഹാഷിം ബഹ്റോസിയന്‍ പറഞ്ഞു. ഹാല സിഇഒ ക്ലെമെന്‍സ് ഡുട്ടെര്‍ട്രെ പറഞ്ഞു-ഞങ്ങളുടെ നഗരം വെല്ലുവിളി നിറഞ്ഞ സമയങ്ങളെ അഭിമുഖീകരിക്കുന്നതിനാല്‍, ഞങ്ങളുടെ കമ്മ്യൂണിറ്റിയേയും അതിനെ പിന്തുണയ്ക്കുന്ന ആളുകളേയും ഒന്നാമതെത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദുബൈയിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും മുന്‍നിരകളില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ ആളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും, അവര്‍ക്കായി ഹാല റൈഡുകളില്‍ ഞങ്ങള്‍ ഈ സൗകര്യം അവതരിപ്പിക്കുന്നു.