ഷാര്‍ജ: വിശ്വാസി സമൂഹം ഏറെ പ്രതീക്ഷ നിര്‍ഭരമായ വരവേല്‍പ്പ് നല്‍കാന്‍ കാത്തിരുന്ന പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാന്‍ മാസത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയ കോവിഡ് മഹാമാരിയുടെ മുന്നില്‍ പകച്ചുപോയ വിശ്വാസി സമൂഹത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഷാര്‍ജ കെഎംസിസി. കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന നൂനുകണക്കിനാളുകളുടെ വീട്ടുപടിക്കല്‍ വിഭവ സമൃദ്ധമായ ഇഫ്താര്‍ കിറ്റുകള്‍ എത്തിച്ച് നല്‍കുകയാണ് ഷാര്‍ജയിലെ കെഎംസിസി പ്രവര്‍ത്തകര്‍.
റമദാന്‍ മാസം യുഎഇയിലെ, പ്രത്യേകിച്ച് ഷാര്‍ജയിലെ വിശ്വാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറെ ഹൃദ്യവും ഭക്തി സാന്ദ്രവുമാണ്. പുണ്യ മാസത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള അലങ്കാര വിളക്കുകള്‍ മുതല്‍ കവലകള്‍ തോറും ഒരുങ്ങുന്ന ഇഫ്താര്‍ ടെന്റുകള്‍ വരെ ഏറെ വ്യത്യസ്തമായ അനുഭവങ്ങളാണ് ഓരോ വിശ്വാസിയെയും സംബന്ധിച്ചിടത്തോളം. എന്നാല്‍, അപ്രതീക്ഷിതമായി കടന്നുവന്ന മഹാമാരി തകര്‍ത്തെറിഞ്ഞ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് കെഎംസിസി ഒരുക്കുന്ന റമദാന്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍.
കഴിഞ്ഞ വര്‍ഷം ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഡെവലപ്‌മെന്റ് അഥോറിറ്റി സഹായത്തോടെ ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ ടെന്റില്‍ ദിനേന ആയിരക്കണക്കിനാളുകള്‍ക്കാണ് നോമ്പ്തുറക്കാനുളള സൗകര്യം ഒരുക്കിയിരുന്നത്. എന്നാല്‍, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈക്കൊണ്ട മുന്‍കരുതലുകളുടെ ഭാഗമായി ഇഫ്താര്‍ ടെന്റ് ഒരുക്കി വിശ്വാസികളെ വരവേല്‍ക്കാനുള്ള സൗകര്യം നിലവിലില്ലെങ്കിലും, ഏറ്റവും വിഭവ സമൃദ്ധമായ ഭക്ഷ്യവസ്തുക്കടങ്ങിയ കിറ്റുകള്‍ ഓരോ ആവശ്യക്കാരന്റെയും വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഉദാരമതികളുകളുടെ നിര്‍ലോഭ സഹകരണത്തോടെ ആയിരത്തില്‍ പരം പേര്‍ക്കാണ് നിലവില്‍ ഇഫ്താര്‍ കിറ്റുകള്‍ എത്തിച്ചു നല്‍കിക്കൊണ്ടിരിക്കുന്നത്. അധികൃതരുടെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചു കൊണ്ടും ഏറെ ചിട്ടവട്ടങ്ങളോടെയും പ്രത്യേകം തെരഞ്ഞെടുത്ത കെഎംസിസി വളണ്ടിയര്‍മാര്‍ തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങള്‍ കൃത്യം അഞ്ചു മണിക്ക് പാക്കിംഗ് പൂര്‍ത്തിയാക്കി വാഹനങ്ങളില്‍ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാരില്‍ എത്തിക്കുകയാണ് ചെയ്തു വരുന്നത്. ഷാര്‍ജ സംസഥാന ഭാരവാഹികളും വിവിധ സബ് കമ്മിറ്റി ഭാരവാഹികളും പരസ്പര ഏകോപനത്തോടെ നടപ്പാക്കുന്ന ഇഫ്താര്‍ കിറ്റുകളുടെ വിതരണം കെഎംസിസി എന്ന സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ നേര്‍സാക്ഷ്യമാണ്. ഭക്ഷണമൊരുക്കുന്നതിന് തന്റെ അധീനതയിലുള്ള ഹോട്ടല്‍ വിട്ടു നല്‍കിയ കാസര്‍കോട് സ്വദേശി നസീര്‍ തായല്‍, വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്ത മറ്റനേകം സുമനസ്സുകള്‍ എന്നിവ കെഎംസിസിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമാകുന്നു. ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവുമുള്ള പ്രവര്‍ത്തകര്‍ മുഖേനയാണ് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനാകുന്നത്.
കോവിഡ് രോഗബാധ ഗള്‍ഫ് മേഖലയെ പിടിമുറുക്കിയ പ്രഥമ ഘട്ടത്തില്‍ തന്നെ സേവന പ്രവര്‍ത്തനവുമായി ഷാര്‍ജ കെഎംസിസി സജീവമായിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി കടകളടച്ച് റൂമുകളില്‍ തിങ്ങിത്താമസിക്കേണ്ടി വന്ന റോളയിലും പരിസരത്തുമുള്ള നൂറുകണക്കിനാളുകള്‍ക്കും ജോലി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും ഒരു മാസത്തേക്കാവശ്യമായ ഭക്ഷണ കിറ്റുകള്‍ നല്‍കിയാണ് കോവിഡ് സേവന പ്രവര്‍ത്തനങ്ങളുടെ തുടക്കം.പ്രസ്തുത വിഭവ വിതരണം ഇപ്പോഴും തുടരുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ഒപ്പം, പോസിറ്റീവായ നിരവധി രോഗികളെ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആശുപത്രികളിലേക്ക് മാറ്റാനും ഷാര്‍ജയിലെ കെഎംസിസി ഹെല്‍പ് ഡെസ്‌കും വളണ്ടിയര്‍ ടീമും രാപകല്‍ കഠിനാധ്വാനം ചെയ്യുകയാണ്. വിമാന സര്‍വീസുകള്‍ മുടങ്ങിയതിനാല്‍ സ്ഥിരമായി കഴിച്ചു കൊണ്ടിരുന്ന മരുന്നുകള്‍ ലഭിക്കാതെ ബുദ്ധിമുട്ടിലായ നിത്യരോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതടക്കമുള്ള ഒട്ടനവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഷാര്‍ജ കെഎംസിസി നേതൃത്വത്തില്‍ ഇപ്പോഴും നടന്നു വരികയാണ്. ഇഫ്താര്‍ വിതരണം ചെയ്യുന്ന വേളയില്‍ അര്‍ഹരുടെ നീണ്ട നിര കാണുമ്പോള്‍ അവര്‍ക്ക് മുഴുവനായും എത്തിക്കാന്‍ സാധിക്കാത്തതിലുള്ള പ്രയാസങ്ങളാണ് തങ്ങളെ അലട്ടുന്ന പ്രശ്‌നമെന്ന് വിതരണ സംവിധാനത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ പറഞ്ഞു. ഏതായാലും, ഈ സന്ദിഗ്ധ ഘട്ടത്തിലും ഏറെ പ്രയാസം നേരിട്ടാണെങ്കിലും മുടക്കമില്ലാതെ കഴിഞ്ഞ മൂന്ന് ഇഫ്താര്‍ നല്‍കിയ സംതൃപ്തിയിലാണവര്‍.