മൃതദേഹം ഇറക്കാന്‍ അനുവദിച്ചില്ല; തിരികെയെത്തിച്ച ചലനമറ്റ പ്രവാസി ദേഹങ്ങള്‍ വീണ്ടും മോര്‍ച്ചറിയില്‍

  320
  ജഗ്‌സീര്‍ സിംഗ്

  റസാഖ് ഒരുമനയൂര്‍
  അബുദാബി: നാട്ടിലേക്കയച്ച പ്രവാസി മൃതദേഹങ്ങള്‍ ഇറക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചു. തിരികെയെത്തിയ പ്രവാസികളുടെ ചലനമറ്റ ശരീരങ്ങള്‍ യുഎഇയിലെ മോര്‍ച്ചറിയില്‍ ഇന്ത്യന്‍ അധികൃതരുടെ കനിവ് കാത്ത് വീണ്ടും തണുത്തു മരവിച്ചു കിടക്കുന്നു. പഞ്ചാബ് സ്വദേശികളായ രണ്ടു പ്രവാസികളുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച രാത്രി അബുദാബിയില്‍ നിന്നും ഇത്തിഹാദ് എയര്‍വേസിന്റെ കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്ക് അയച്ചത്. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്‍പ്പെടെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും രേഖകളും ശരിപ്പെടുത്തിയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചതെങ്കിലും മൃതദേഹം ഇറക്കാന്‍ അനുമതി നല്‍കാതെ അതേ വിമാനത്തില്‍ തന്നെ അബുദാബിയിലേക്ക് തിരിച്ചയക്കുകയായിരുന്നു. മുസഫയിലെ ഇമേജ് ജനറല്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ജഗ്‌സീര്‍ സിംഗ് (27) ജോലി സ്ഥലത്തുണ്ടായ അപകടത്തെത്തുടര്‍ന്നാണ് മരണമടഞ്ഞത്. ഫെബ്രുവരി 13ന് ആദ്യമായി ജോലിയില്‍ പ്രവേശിച്ച ജഗ്‌സീര്‍ സിംഗ് ജോലിയില്‍ പ്രവേശിച്ച് കൃത്യം രണ്ടു മാസം പൂര്‍ത്തിയായ ഏപ്രില്‍ 13നാണ് മരണമടഞ്ഞത്.
  മുസഫയിലെ തന്നെ സര്‍ദാര്‍ ലൈറ്റിംഗ് എന്ന കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന സഞ്ജീവ് കുമാര്‍ (38) ഹൃദയാഘാതം മൂലമാണ് മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലയക്കാനുള്ള കാര്‍ഗോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റജബ് കാര്‍ഗോ മുഖേനയാണ് പൂര്‍ത്തിയാക്കിയത്. കൃത്യ സമയത്ത് തന്നെ വിമാനം ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നുവെങ്കിലും മൃതദേഹം ഇറക്കാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നുവെന്ന് റജബ് കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ ഫൈസല്‍ കാരാട്ട് പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ പേരിലാണ് മൃതദേഹങ്ങള്‍ മടക്കിയതെന്നാണ് അനുമാനിക്കുന്നത്.
  എന്നാല്‍, മടക്കാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമായ വിവരമൊന്നും ഇതു വരെ ബന്ധുക്കള്‍ക്കൊ തൊഴിലുടമക്കോ ലഭിച്ചിട്ടില്ല. മൃതദേഹം സ്വീകരിക്കുന്നതിനായി പ ഞ്ചാബില്‍ നിന്നും ബന്ധുക്കള്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തി കാത്തു നില്‍ക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി എംബസിയെ സമീപിച്ചപ്പോഴും മുഴുവന്‍ രേഖകളും ശരിപ്പെടുത്തി തരുമ്പോഴും എംബസിയില്‍ നിന്ന് ഇതേക്കുറിച്ച് യാതൊന്നും പറഞ്ഞിരുന്നില്ലെന്ന് ഇരുവരും ജോലി ചെയ്തിരുന്ന കമ്പനി വക്താക്കള്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.
  ഇരുവരുടെയും മരണ കാരണം നോട്ടിഫിക്കേഷനില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മരണകാരണം കൊറോണ അണുബാധ മൂലമല്ല എന്ന സാക്ഷ്യപത്രവും ഇതോടൊപ്പമുണ്ടായിരുന്നു. മൃതദേഹം ഇറക്കാന്‍ അനുവദിക്കാത്തതിനെ കുറിച്ച് എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ ഇതേക്കുറിച്ച് അന്വേഷിച്ച ശേഷം വിവരം നല്‍കാമെന്നാണ് മറുപടി നല്‍കിയതെന്ന് ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, കാര്‍ഗോ വിമാനങ്ങളില്‍ വരുന്ന മൃതദേഹങ്ങള്‍ സ്വീകരിക്കുന്നതല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും ഇന്ത്യന്‍ എംബസിക്ക് ഇതുസംബന്ധിച്ച വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇത്തരത്തിലുള്ള സു്രപധാന തീരുമാനങ്ങള്‍ ഉണ്ടാകുമ്പോള്‍ വിദേശ കാര്യ മന്ത്രാലയം യഥാസമയം വിവിധ രാജ്യങ്ങളിലെ എംബസികളെ അറിയിക്കേണ്ടതുണ്ട്.

  വിമാന യാത്ര പുനരാരംഭിക്കാന്‍ നടപടിയായില്ല;
  അവസാന നോക്ക് കാണാനാവാതെ ബന്ധുക്കള്‍

  ഗള്‍ഫ് നാടുകളില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നടപടിയൊന്നും കൈകൊണ്ടില്ല. ഇതു മൂലം ആയിരക്കണക്കിനു പേര്‍ പ്രയാസമനുഭവിക്കുന്നുണ്ട്. മാത്രമല്ല, ഗള്‍ഫിലും നാട്ടിലും മരിക്കുന്നവരുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാനാവാതെ പ്രവാസികളും അവരുടെ ബന്ധുക്കളും വിങ്ങിപ്പൊട്ടുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിരവധി ഇന്ത്യക്കാര്‍ ഗള്‍ഫ് നാടുകളില്‍ മരിക്കുകയുണ്ടായി. ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ ഇവിടെ തന്നെ ഖബറടക്കുകയായിരുന്നു.
  ഇവരില്‍ പലരും കുടുംബ സമേതം കഴിയുന്നവരായിരുന്നുവെന്നതും ശ്രദ്ധേയമാണ്. മരണപ്പെട്ട പലരുടെയും ഭാര്യയും മൂന്നൂം നാലും വയസ്സ് മാത്രം പ്രായമുള്ള മക്കളും ഇപ്പോള്‍ ഇവിടെ ഒറ്റപ്പെട്ടു കഴിയുകയാണ്. ആശ്വസിപ്പിക്കാന്‍ പോലും ബന്ധുക്കള്‍ ആരുമില്ലാത്ത അവസ്ഥയില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് ഇവര്‍ കഴിയുന്നത്. നാട്ടിലും ഏറ്റവും പ്രിയപ്പെട്ടവരുടെ വിയോഗമുണ്ടായിട്ടും ഒന്നു കാണാന്‍ പോകാന്‍ കഴിയാതെ പ്രയാസമനുഭവിക്കുന്നവര്‍ അനവധിയുണ്ട്.
  എത്രയും പെട്ടെന്ന് വിമാന സര്‍വീസ് ആരംഭിക്കണമെന്ന പ്രവാസികളുടെ ആവശ്യത്തോട് കേന്ദ്രം മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ഗള്‍ഫില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും കേരളത്തിലെ നൂറുകണക്കിന് സ്ഥാപനങ്ങള്‍ സന്നദ്ധത അറിയിച്ചുവെങ്കിലും ഇതു വരെ അനുകൂല സമീപനം ഉണ്ടായിട്ടില്ല. പാകിസതാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ രാജ്യക്കാരെ തിരികെ കൊണ്ടുപോകുന്നതിനായി വിമാന സര്‍വീസ് ആരംഭിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഇക്കാര്യത്തില്‍ ഇനിയും ആലോചിക്കുക പോലും ചെയ്തിട്ടില്ല.
  മാനുഷിക പരിഗണന നല്‍കാതെ പ്രവാസികളെയും അവരുടെ ബന്ധുക്കളെയും പീഡിപ്പിക്കുന്ന സമീപനത്തിന് വേഗത്തില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇത്തരം വേദനാജനകമായ സംഭവങ്ങള്‍ വരുംദിവസങ്ങളിലും ആവര്‍ത്തിക്കപ്പെടുമെന്നത് പ്രവാസികളെ കൂടുതല്‍ ആശങ്കാകുലരാക്കുന്നു.