മൃതദേഹം കൊണ്ടുപോകാന്‍ അനുമതി; യാത്രാ കാര്യത്തിലും അടിയന്തിര തീരുമാനം വേണം

41

റസാഖ് ഒരുമനയൂര്‍
അബുദാബി: വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്നലെ വൈകുന്നേരമാണ് ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്നും കൊണ്ടുപോയ മൂന്നൂ മൃതദേഹങ്ങള്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ച നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടുള്ളത്.
എന്നാല്‍, ഇന്നലെ വൈകിയെടുത്ത തീരുമാനമായതിനാല്‍ ഇതുസംബന്ധിച്ച് ഇന്ത്യന്‍ എംബസിയില്‍ നിന്നും ഇന്നു മാത്രമേ അറിയിപ്പ് ലഭിക്കുകയുള്ളൂവെന്നാണ് കരുതുന്നത്. ഇന്നലെ രാത്രി മിഡില്‍ ഈസ്റ്റ് ചന്ദ്രിക എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മടക്കിയച്ച രണ്ടു പഞ്ചാബ് സ്വദേശികളുടേതുള്‍പ്പെടെയുളള മൂന്നു മൃതദേഹങ്ങള്‍ ഇന്നോ നാളെയോ കൊണ്ടുപോകാന്‍ കഴിയുമെന്നാണ് കരുതുന്നത്. യാതൊരുവിധ മാനുഷിക പരിഗണനയും നല്‍കാതെ മൃതദേഹങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നിരുന്നത്. ഇതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന് നിലപാട് തിരുത്തേണ്ടി വന്നത്.
അതിനിടെ, എത്രയും പെട്ടെന്ന് യാത്രാ വിമാനം പുനരാരംഭിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായിരിക്കുകയാണ്. യാത്ര ചെയ്യാന്‍ കഴിയാത്തതില്‍ ഓരോ ദിവസവും പ്രവാസികളുടെ ആശങ്ക വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സന്ദര്‍ശക വിസയിലെത്തിയ പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, ഹൃദ്രോഗമുള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്ന ആയിരങ്ങള്‍ കനത്ത ആധിയോടെയാണ് ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഭര്‍ത്താവ് മരിച്ച് തീരാ ദു:ഖത്തില്‍ കഴിയുന്നവര്‍ വരെ കൂട്ടത്തിലുണ്ട്. ആരും ആശ്വസിപ്പിക്കാനില്ലാതെ പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം ഫ്‌ളാറ്റുകളില്‍ കഴിയുന്ന ഇവരുടെ സ്ഥിതി അതീവ പരിതാപകരമാണ്. കടുത്ത മാനസിക സംഘര്‍ഷം മൂലം ഇവര്‍ക്കും ആപത്തുകള്‍ സംഭിവിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
നാട്ടില്‍ പോകാന്‍ താല്‍പര്യമുള്ളവരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ച കെഎംസിസിക്ക്, രണ്ടു ദിവസത്തിനിടെ ലഭിച്ച പ്രതികരണം പ്രവാസികളുടെ ആശങ്കയുടെ ആഴമാണ് ബോധ്യപ്പെടുത്തുന്നത്. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന ചിന്തയുമായി കഴിയുന്നവര്‍ക്ക് മറ്റു വല്ല രോഗങ്ങള്‍ പിടികൂടിയേക്കുമെന്ന ഭയവുമുണ്ട്.
അതിനിടെ, തൊഴില്‍ നഷ്ടപ്പട്ട് കഴിയുന്ന ആയിരക്കണക്കിന് പേര്‍ക്കും മാനസിക പിരിമുറുക്കം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഈയാഴ്ച വാടക നല്‍കണമെന്നതും ഭക്ഷണത്തിനുള്ള വകയില്ലെന്നതും ഇവരെ കടുത്ത പ്രതിസന്ധിയിലാണ് എത്തിച്ചിട്ടുള്ളത്. ഈ മാസം നാട്ടിലേക്ക് മടങ്ങാന്‍ കഴിയുകയാണെങ്കില്‍ അടുത്ത മാസത്തെ വാടക നല്‍കേണ്ടി വരില്ല എന്ന ചിന്തയിലാണ് ഇവരെല്ലാം കഴിയുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം നീണ്ടു പോകുന്ന പശ്ചാത്തലത്തില്‍ എന്തു ചെയ്യണമെന്നറിയാതെ കഴിയുകയാണ്. എല്ലാ മേഖലകളിലുള്ളവരും പ്രതിസന്ധി നേരിടുന്നതിനാല്‍ കടമായി പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.

സ്വന്തം രാജ്യം കൈവെടിയുമ്പോഴും
പോറ്റമ്മ നാട് നല്‍കുന്ന ആശ്വാസത്തില്‍ പ്രവാസികള്‍

സ്വന്തം രാജ്യത്ത് നിന്ന് ആശാവഹമായ തീരുമാനങ്ങളൊന്നും ഇല്ലാതെ കാത്തിരിക്കുമ്പോഴും പോറ്റമ്മ നാടും ഇവിടത്തെ ഭരണാധികാരികളും നല്‍കുന്ന ആശ്വാസം വളരെ വലുതാണെന്ന് പ്രവാസികള്‍ വിലിയിരുത്തുന്നു. യുഎഇ ഭരണാധികാരികളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന ആശ്വാസ വചനങ്ങള്‍ ലക്ഷക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രവാസി സമൂഹത്തോട് യുഎഇ കാട്ടുന്ന കരുതലും മനസ്സിന് പകരുന്ന കരുത്തും മാത്രമാണ് കടുത്ത മാനസിക പിരിമുറുക്കത്തിനിടിയിലും പ്രവാസികള്‍ക്ക് ആശ്വാസമായി മാറുന്നത്. വിസാ കാലാവധി ഈ വര്‍ഷാവസാനം വരെ നീട്ടി നല്‍കിയതും സന്ദര്‍ശക വിസക്കാര്‍ പോലും പരിഗണിക്കപ്പെടുന്നുവെന്നതും ഈ രാജ്യത്തെ ഭരണാധികാരികളുടെ നന്മ നിറഞ്ഞ മനസ്സിനെയാണ് വ്യക്തമാക്കുന്നത്.
ആയിരക്കണക്കിനു പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിക്കൊണ്ടിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. മൃതദേഹം തിരിച്ചയച്ചപ്പോള്‍ ആദരം കൈവിടാതെ നിറഞ്ഞ മനസ്സോടെ തിരികെ സ്വീകരിച്ച നടപടിയിലൂടെയും പ്രവാസികളുടെ മുഴുവന്‍ പ്രീതിയും പ്രാര്‍ത്ഥനയും യുഎഇ ഭരണാധികാരികള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.