പൊതുമാപ്പിനായി ഇന്ത്യക്കാര്‍ക്ക്
അനുവദിച്ച ദിവസങ്ങളില്‍ മാറ്റം
കുവൈത്ത് സിറ്റി: പൊതുമാപ്പിനായി ഇന്ത്യക്കാര്‍ക്ക് അനുവദിച്ച ദിവസങ്ങളില്‍ മാറ്റം വരുത്തിയതായി ഇന്ത്യന്‍ എംബസി ലേബര്‍ വിഭാഗം മേധാവി സിബി യുഎസ് അറിയിച്ചു. പുതിയ തീയതി ഈ മാസം 20 മുതല്‍ 24 വരെയാണ്. ഏപ്രില്‍ 11 മുതല്‍ 15 വരെയായിരുന്നു കുവൈത്ത് അധികൃതര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ബുധനാഴ്ച എംബസി പ്രതിനിധികള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീയതി മാറ്റാന്‍ ധാരണയായത്. താമസ-കുടിയേറ്റ നിയമ ലംഘകരായ വിദേശികള്‍ക്ക് ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിവിധ രാജ്യക്കാര്‍ക്ക് പ്രത്യേക ിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചത് ആഭ്യന്തര മന്ത്രാലയ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇന്ത്യക്കാര്‍ക്ക് അനുവദിച്ച ദിവസങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഈജിപ്ത് സ്വദേശികളുടെ രേഖകള്‍ ശരിയാക്കുന്ന നടപടികളാണ് നടന്നു വരുന്നത്. ആദ്യ അഞ്ച് ദിവസങ്ങളില്‍ ഫിലിപ്പീന്‍സ് പൗരന്മാര്‍ രേഖകള്‍ പൂര്‍ത്തിയാക്കി രാജ്യം വിട്ടിരുന്നു. നടപടിക്രമങ്ങള്‍ക്കായി ഫര്‍വാനിയ, അബ്ബാസിയ എന്നിവടങ്ങളിലായി ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഓഫീസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ സൗജന്യ വിമാന ടിക്കറ്റും യാത്ര ചെയ്യുന്നത് വരെ താമസ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.