ഇന്ത്യയില്‍ നിന്നും 5.5 ദശലക്ഷം ഗുളികകള്‍ യുഎഇ വാങ്ങുന്നു

ദുബൈ: കൊറോണ വൈറസ് ചികിത്സയില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ 5.5 ദശലക്ഷം എണ്ണം ഇന്ത്യയില്‍ നിന്ന് വാങ്ങുമെന്ന് യുഎഇ പ്രഖ്യാപിച്ചു. യുഎഇ നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം, യുഎഇയിലേക്ക് ആവശ്യമായ അളവില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി നേടുന്നതില്‍ യുഎഇഎംബസി ഇന്ത്യ വിജയിച്ചു- ന്യൂഡല്‍ഹിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു. കോവിഡ്ബ19 രോഗികളുടെ ചികിത്സയ്ക്കായി 5.5 ദശലക്ഷം ഗുളികകളാണ് എത്തിക്കുന്നത്. ആവശ്യമായ അംഗീകാരങ്ങള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണത്തെ ഞങ്ങള്‍ വളരെയധികം അഭിനന്ദിക്കുന്നു-മിഷന്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് -19 നെതിരായ യുഎഇ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വിതരണം ചെയ്യുന്നതിനുള്ള അതിവേഗ നടപടിക്രമങ്ങളാണ് ഇന്ത്യ സ്വീകരിച്ചത്. യുഎഇ ആസ്ഥാനമായുള്ള ചില കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയ ഗുളിക വിതരണം ചെയ്യാന്‍ സഹായിക്കണമെന്ന് യുഎഇ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടിയെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു. യുഎഇയിലേക്ക് മരുന്ന് ഇറക്കുമതി ചെയ്യണമെന്ന് ഇവിടെയുള്ള കുറച്ച് കമ്പനികള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. യുഎഇ സര്‍ക്കാരില്‍ നിന്നും പിന്തുണ ലഭിച്ചു-അദ്ദേഹം പറഞ്ഞു.