ജലീല്‍ പട്ടാമ്പി
ദുബൈ: കോവിഡ് 19 വര്‍ധിച്ച സാഹചര്യത്തില്‍ യുഎഇയിലുടനീളം പരിശോധനകള്‍ ഊര്‍ജിതപ്പെടുത്തി യുഎഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയ അധികൃതര്‍. യുഎഇയിലെ എല്ലാ പൗരന്മാരെയും താമസക്കാരെയും ഉള്‍ക്കൊള്ളാനാകുന്ന വിധത്തില്‍ പരിശോധനാ സാഹചര്യം ഒരുക്കിയിരിക്കുകയാണെന്ന് മന്ത്രാലയ വക്താവ് ഡോ. ഫരീദ അല്‍ ഹുസനി തിങ്കളാഴ്ച അറിയിച്ചിരുന്നു. അണുനശീകരണ യജ്ഞത്തിലൂടെയും പോസിറ്റീവ് കേസുകളിലുള്ളവരെ മാറ്റിക്കൊണ്ടിരിക്കുന്നതിലൂടെയും
മറ്റു നടപടികള്‍ മുഖേനയും ഇതിനകം വൈറസിന്റെ രൂക്ഷത കുറക്കാന്‍ സാധിക്കുന്നുവെന്നാണ് ബോധ്യപ്പെടുന്നതെന്ന് പറഞ്ഞ അവര്‍, കോവിഡ് 19നെതിരായ പോരാട്ടത്തില്‍ അന്തിമ വിജയം നേടാനാകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
കോവിഡ് 19നെതിരായ നീക്കങ്ങളുടെ ഭാഗമായി നിരവധി നടപടികളാണ് യുഎഇ സ്വീകരിച്ചു വരുന്നത്. ദുബൈയില്‍ രാത്രി 8 മുതല്‍ രാവിലെ 6 മണി വരെയുണ്ടായിരുന്ന അണുനശീകരണ യജ്ഞം 10 മണിക്കൂറില്‍ നിന്ന് 24 മണിക്കൂറാക്കി ഈ മാസം 4 മുതല്‍ പ്രാബല്യത്തില്‍ വന്നതാണ് അതിലൊന്ന്. ഇതോടെ, പകല്‍ സമയത്തും പൂര്‍ണ ലോക്ക്ഡൗണായി മാറി. സൂപര്‍-ഹൈപര്‍ മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ഫാര്‍മസികള്‍ തുടങ്ങിയ അടിസ്ഥാന സേവന സ്ഥാപനങ്ങള്‍ക്ക് രാത്രി 8 മണി വരെ പ്രവര്‍ത്തിക്കാം. ഊര്‍ജം, മാധ്യമം, നിര്‍മാണം, ഉല്പാദന വിഭാഗങ്ങള്‍, ജല-വൈദ്യുതി സേവനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാം. ഭക്ഷണം, മരുന്ന് എന്നീ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പൊതുജനം പുറത്തിറങ്ങിയാല്‍ റഡാറില്‍ കുടുങ്ങും. കനത്ത പിഴയാണ് ലംഘകരില്‍ നിന്നും ചുമത്തുക. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാസ്കും കയ്യുറയും ധരിച്ച് കൈകള്‍ സാനിറ്റൈസ് ചെയ്ത് പുറത്തിറങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍, നിശ്ചിത സമയത്തിനകം അകലം പാലിച്ച് കാര്യം വേഗത്തില്‍ നിര്‍വഹിച്ച് തിരികെ പോകണം. ഇന്‍സ്പെക്ടര്‍മാര്‍ തടയുകയാണെങ്കില്‍ വിടുവിക്കുന്നതിന് ബില്ലോ മറ്റു രേഖകളോ കാണിക്കേണ്ടി വരും. ഒരു കാരണവുമില്ലാതെ പുറത്തിറങ്ങിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ മാസ്ക് ധരിക്കണം. എന്നാല്‍, ഒരിക്കല്‍ ഉപയോഗിച്ച ഡിസ്പോസബ്ള്‍ മാസ്ക് പിന്നീട് ഉപയോഗിക്കാന്‍ പാടില്ല. എല്ലാ ആഘോഷങ്ങളില്‍ നിന്നും സംഗമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും കുട്ടികളെ വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് 19 ബാധിച്ച ആരെങ്കിലുമായി ബന്ധപ്പെടുമ്പോള്‍ അവരിലൊന്നും രോഗത്തിന്റെ ഒരു ലക്ഷണവുമില്ലെങ്കിലും മാസ്ക് ധരിക്കലും ശാരീരിക അകലം പാലിക്കലും ശുചിത്വവും വളരെ പ്രധാനമാണെന്ന കാര്യം പ്രസക്തമാണ്.
യുഎഇയില്‍ എല്ലാ ആശുപത്രികളിലും സംശയാസ്പദ കേസുകള്‍ എടുക്കുന്നുണ്ട്. ചില ആശുപത്രികള്‍ കോവിഡ് 19 ക്വാറന്റീനുകളാക്കി മാറ്റിയിരിക്കുന്നു. മറ്റു ചില ആശുപത്രികള്‍ ടെസ്റ്റിംഗും സ്ക്രീനിംഗും നടത്തുന്നുണ്ട്. ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നവര്‍ ഉടന്‍ തൊട്ടടുത്തുള്ള അടിയന്തിര സേവന വിഭാഗത്തിലെത്തണം. ചെറിയ ലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ തന്നെ നില്‍ക്കണം. ഇവര്‍ക്ക് 800011111, 8001717, 800342 എന്നീ ടോള്‍ ഫ്രീ നമ്പറുകളിലൂടെ സഹായം തേടാവുന്നതാണ്.
കോവിഡ് 19 വായുവിലൂടെ പടരുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മിക്കവാറും ഒരു വ്യക്തിയില്‍ നിന്നും മറ്റൊരാളിലേക്ക് പടരുന്നതായാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്.
യുഎഇയിലെ എല്ലാ ആശുപത്രികളിലും കോവിഡ് 19 ടെസ്റ്റുകള്‍ നടക്കുന്നുണ്ട്. എന്നാല്‍, മുന്‍ഗണന നല്‍കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കും പ്രായമായവര്‍ക്കും വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ക്കുമാണ്. മുഴുവന്‍ ഇമാറാത്തികളെയും രാജ്യത്തെ താമസക്കാരെയും പരിശോധിക്കാനുള്ള കൂടുതല്‍ കേന്ദ്രങ്ങള്‍ ഇപ്പോള്‍ തുറന്നിട്ടുണ്ട്.
യുഎഇയിലുടനീളം അണുനശീകരണ യജ്ഞം നടന്നു വരുന്നുണ്ട്. അബുദാബി വ്യവസായ മേഖലയില്‍ വൈകുന്നേരം 6 മണി മുതല്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലായി. ലംഘകര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും. അണുനശീകരണത്തിന്റെ ഭാഗമായി ദുബൈ ഇസ്ലാമിക കാര്യ-ഔഖാഫ് വകുപ്പ് എമിറേറ്റിലെ 800 മസ്ജിദുകളെ അണുമുക്തമാക്കാനുള്ള കാമ്പയിന് ആരംഭിച്ചു. ലോക നിലവാരത്തിലുള്ള ഉല്പന്നങ്ങള് ഉപയോഗിച്ചാണ് ഈ മാസം ഒന്നു മുതല്‍ നടന്നു വരുന്ന അനുനശീകരണ യജ്ഞം. 11 വരെ തുടരും.
ഷോപ്പിംഗിലും മറ്റും ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ വ്യാപകമാക്കാന്‍ യുഎഇ ശ്രമിച്ചു വരികയാണ്. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് ഷോപ്പിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഇഷോപ്പിംഗ് കൂടുതല്‍ വ്യാപകമാക്കാനും നടപടികളാരംഭിച്ചിട്ടുണ്ട്. ഇതുകൊണ്ടുള്ള ഗുണം ഉടന്‍ ലഭ്യമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
കൊറോണ വൈറസ് പ്രതിരോധ നീക്കങ്ങളുടെ ഭാഗമായി ദുബൈ ടാക്സി കോര്പറേഷന് ടാക്സി വാഹനങ്ങളുടെ സ്ക്രീനുകള്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും രണ്ടായി വിഭജിച്ച് സ്ഥാപിക്കും. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഇത് സംരക്ഷണമായി വര്‍ത്തിക്കും.
മെഡിക്കല്‍ ഉപകരണങ്ങളുടെയും സേവന സൗകര്യങ്ങളുടെയും കാര്യത്തില്‍ വിഷമിക്കേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മികച്ച നിലവാരത്തിലുള്ള മെഡിക്കല്‍ വസ്തുക്കള്‍ രാജ്യത്ത് ലഭ്യമാണ്.
കോവിഡ് 19മായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ദുബൈ കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും നിര്‍വഹിച്ചു വരുന്നത്. ദുബൈ കെഎംസിസിയുടെ വളണ്ടിയര്‍ ടീം ദുബൈ ഗവണ്മെന്റിന്റെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിച്ചു വരുന്നത്. പോസിറ്റീവാകുന്നവരെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിത്താമസിപ്പിക്കാനും ആയിരക്കണക്കിനാളുകള്ക്കാവശ്യമായ ഭക്ഷണവും മരുന്നും മറ്റടിസ്ഥാന സൗകര്യങ്ങളും നല്‍കാനും രാപകല്‍ ഭേദമെന്യേ കൈമെയ് മറന്നു പ്രവര്‍ത്തിക്കുന്നു ഈ സംഘം. പ്രത്യേക ഹെല്പ് ഡെസ്കും പ്രവര്‍ത്തിച്ചു വരുന്നു. സ്വജീവന്‍ പോലും മറന്ന് സമൂഹ സേവനത്തിന് നിതാന്ത ജാഗ്രതയില്‍ മികച്ച സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ പ്രസ്ഥാനം കാഴ്ച വെക്കുന്നു. മറ്റു സാമൂഹിക സംഘടനകളും വ്യക്തിത്വങ്ങളും നല്ല പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.