ദുബൈ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരുടെ ശൃംഖലയായ ഐപിഎ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ നിരവധി ഇന്ത്യന്‍ സന്ദര്‍ശക വിസക്കാരും രോഗികളും മാതൃരാജ്യത്തെക്ക് തിരിക്കാന്‍ കഴിയാതെ ഏറെ പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്വന്തം പൗരന്മാര് നാട്ടിലേക്ക് വരുന്നത് വിലക്കിയതിലൂടെ തുല്യതക്കും ആരോഗ്യ പരിരക്ഷക്കുമുള്ള ഭരണഘടനാ സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ്. ഇതിനെതിരെയാണ് റിട്ട് ഫയല്‍ ചെയ്തത്. ചെയര്മാന് ഷംസുദ്ദീന് നെല്ലറയാണ് നടപടിയാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്നും ആവശ്യമായ നടപടിക്രമങ്ങളും യാത്രാ സൗകര്യങ്ങളും ഏറ്റവും വേഗത്തില്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കണമെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന് പി.വി ദിനേശ് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തിക്കുന്നത്. വിദേശ കാര്യ വകുപ്പ്, ഇന്ത്യന്‍ വ്യോമയാന വകുപ്പ് എന്നിവ എതിര് കക്ഷികളാണ്.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യുഎഇ വിമാന കമ്പനികള്‍ പല തവണ സന്നദ്ധത അറിയിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയില്ല. മറ്റു രാജ്യങ്ങള്‍ അവരുടെ പൗരമാരെ മാതൃരാജ്യത്ത് തിരിച്ചെത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമ്പോഴും ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഐപിഎ ഹര്‍ജിയില്‍ വാദിക്കുന്നു. ലേബര്‍ ക്യാമ്പുകളിലടക്കം പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യക്കാരെ ഏറ്റവും വേഗത്തില്‍ തിരിച്ചെത്തിക്കാന്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവിശ്യപ്പെടുന്നുണ്ട്. ഈ വിഷയത്തില്‍ മറ്റു പ്രവാസി സംഘടനകള്‍ ഫയല്‍ ചെയ്ത ഹര്‍ജികള്‍ കൂടി പരിഗണിച്ച് കൂടുതല്‍ തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുമെന്ന് ഐപിഎ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.
അതിനിടെ, കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് ഭക്ഷണത്തിനും മറ്റും പ്രയാസങ്ങള്‍ നേരിട്ട ആയിരക്കണക്കിനാളുകള്‍ക്ക് ആവിശ്യമായ സഹായ-സഹകരണങ്ങള്‍ തുടക്കം മുതല്‍ തന്നെ ഐപിഎ നല്ല രീതിയില്‍ നിര്‍വഹിച്ചു വരുന്നു. ഇതര സന്നദ്ധ സേവകര്‍ക്ക് എല്ലാ പിന്തുണയും സഹായങ്ങളും നല്കി വരുന്നുമുണ്ട്. കേരളത്തിലുണ്ടായ രണ്ട് പ്രളയ പ്രതിസന്ധിയിലും വലിയ സഹായവുമായി ഐപിഎ മുന്നോട്ട് വന്നിരുന്നു.