കൊറോണ പ്രതിസന്ധി: ത്രൈ മാസ സൗജന്യ ഇഖാമ പ്രാബല്യത്തില്‍

മുറാസില്‍
റിയാദ്: കൊറോണ പ്രതിസന്ധിയിലകപ്പെട്ട സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സഊദി ഭരണകൂടം പ്രഖ്യാപിച്ച ഇഖാമയിലെ ഇളവ് ലഭിച്ചു തുടങ്ങി. മാര്‍ച്ച് 18നും ജൂണ്‍ 30നുമിടയില്‍ കാലാവധി അവസാനിക്കുന്ന ഇഖാമകളാണ് മൂന്ന് മാസം ദീര്‍ഘിപ്പിച്ച് നല്‍കുന്നത്. വിദേശ തൊഴിലാളികളുടെ ലെവി ഉള്‍പ്പെടെയുളള ഫീസുകള്‍ ഈടാക്കാതെയാണ് മൂന്നു മാസം പുതുക്കി നല്‍കുന്നത്. പുതുക്കാനായി സ്‌പോണ്‍സര്‍മാര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ പോകേണ്ടതില്ല. അബ്ഷിര്‍ വഴി മൂന്ന് മാസം നീട്ടിയത് അറിയാന്‍ സാധിക്കും. കോവിഡ് നിയന്ത്രണങ്ങളില്‍ പെട്ട് തൊഴിലില്ലാതെ മുറിയിലിരിക്കുന്ന പ്രവാസികള്‍ക്ക് ഇതേറെ അനുഗ്രഹമാകും. ഒരു സാധാരണ പ്രവാസിക്ക് ലെവി, ഇന്‍ഷുറന്‍സ്, ഇഖാമ ഫീസ് എന്നിവ ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് ഇഖാമ പുതുക്കാന്‍ ഏകദേശം 10,000 റിയാല്‍ ചെലവാകും. മൂന്നു മാസം സാവകാശം ലഭിക്കുന്നതോടെ ഇപ്പോഴുള്ള സന്ദിഗ്ധ ഘട്ടത്തില്‍ നിന്ന് പ്രവാസികള്‍ക്ക് താത്കാലിക മോചനം ലഭിക്കുകയും ചെയ്യും. അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ചെറുകിട മേഖലകളിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതേറെ ആശ്വാസമാകും.