ഇന്ത്യക്ക് പിന്നാലെ ഗള്‍ഫിലും ഇസ്‌ലാം വിരുദ്ധ പ്രചാരണം

  തേജസ്വി സൂര്യ എം.പി

  വര്‍ഗീയവാദികളുടെ പ്രചാരണങ്ങള്‍ക്കെതിരെ അറബ് സമൂഹം പ്രതികരിച്ചു തുടങ്ങി—
  വിവേചനപരമായ പെരുമാറ്റത്തിനെതിരെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍—

  എന്‍.എ.എം ജാഫര്‍
  ദുബൈ: ലോകം മുഴുവന്‍ കൊറോണ പ്രതിരോധത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തികള്‍ മുസ്്‌ലിം വിരുദ്ധത ആളിക്കത്തിക്കുന്നു. കോവിഡ് രോഗം ഇന്ത്യയില്‍ പടര്‍ത്തിയത് മുസ്്‌ലിംകളാണെന്ന രീതിയിലാണ് പ്രചാരണം. ഇതിന് പ്രധാന ആയുധമായി ഉപയോഗിക്കുന്നത് ഡല്‍ഹിയിലെ തബ്്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തിനെയാണ്. പൗരത്വവിഷയത്തിന് ശേഷം ഇപ്പോള്‍ കോവിഡിനെയാണ് മുസ്്‌ലിം വിരുദ്ധതക്ക് സംഘപരിവാര്‍ ഉപയോഗിക്കുന്നത്. ചൈനയിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ആയിരക്കണക്കിന് മനുഷ്യര്‍ കോവിഡ് ബാധിച്ച് ലോകം വിറങ്ങലിച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് സംഘപരിവാറിന്റെ ഈ മുസ്്‌ലിം വിരുദ്ധ നീക്കം. കോവിഡിന് മതം ചാര്‍ത്തി നല്‍കിയതോടെ ചില ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും മുസ്്‌ലിംകള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട്് ചെയ്യുന്നു. കോവിഡിന്റെ മറവില്‍ യുപിയിലും മറ്റും ഹിന്ദു-മുസ്്‌ലിം വ്യാപാര സ്ഥാപനങ്ങളെ വേര്‍തിരിക്കുകയും മുസ്്‌ലിംകളുടെ സ്ഥാപനങ്ങളില്‍ നിന്നും ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങരുതെന്നും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ മുസ്്‌ലിംകളെ മാത്രമല്ല ലോക മുസ്്‌ലിംകള്‍ക്ക് നേരെയും സംഘപരിവാര്‍ ശക്തികള്‍ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. പ്രധാനമായും അറബ് സമൂഹത്തെ ആക്ഷേപിക്കുന്ന പോസ്റ്റുകള്‍ ഇപ്പോള്‍ വ്യാപകമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സംഘപരിവാര്‍ ആശയക്കാരാണ് പ്രധാനമായും ഇതിന് പിന്നില്‍. അറബ് ലോകത്ത് ജോലി ചെയ്യുകയും അറബ് സമൂഹത്തെ ആക്ഷേപിക്കുകയും ചെയ്യുന്ന നടപടിയെ ഇപ്പോള്‍ അറബ് സമൂഹം ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഇത് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ മൊത്തത്തില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ദുബൈയിലും മറ്റും വ്യവസായങ്ങളും മറ്റു ബിസിനസുകളും നടത്തുന്ന മുതലാളിമാര്‍ വരെ പലരും ഇസ്്‌ലാമോഫോബിയക്ക് അടിമപ്പെട്ട കാഴ്ചയാണുള്ളത്. കഴിഞ്ഞ ദിവസമാണ് ദുബൈയിലെ പ്രമുഖ മലയാളി വ്യവസായി താനെഴുതിയ കവിതക്ക് ഇസ്്‌ലാം വിരുദ്ധമായ ചിത്രം നല്‍കി വിവാദമുണ്ടാക്കിയത്. പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞുവെങ്കിലും പലര്‍ക്കും ഇസ്്‌ലാം വിരുദ്ധത മുഖമുദ്രയായി മാറിയിരിക്കുകയാണ്. ഇ്ന്ത്യക്കാര്‍ക്കെതിരെ വ്യാപകമായി മാറിയിട്ടുള്ള ഈ ശീലത്തിനെതിരെ ഇന്ത്യന്‍ അംബാസഡര്‍ വരെ പരസ്യമായി പ്രസ്താവന ഇറക്കേണ്ടി വന്നു. വിവേചനപരമായ പെരുമാറ്റത്തിനെതിരെ അബുദാബിയിലെ ഇന്ത്യന്‍ എംബസി സ്വന്തം നാട്ടുകാരെ ഓര്‍മ്മിപ്പിക്കുന്നു. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ തിങ്കളാഴ്ച നടത്തിയ ട്വീറ്റില്‍ ഇങ്ങനെ പറഞ്ഞു: ഇന്ത്യയും യുഎഇയും വിവേചനരഹിതമായ മൂല്യങ്ങള്‍ നിരവധി കാരണങ്ങളാല്‍ പങ്കിടുന്നവരാണ്. വിവേചനം നമ്മുടെ ധാര്‍മ്മിക ഘടനയ്ക്കും നിയമവാഴ്ചയ്ക്കും എതിരാണ്. യുഎഇയിലെ ഇന്ത്യന്‍ പൗരന്മാര്‍ ഇത് എപ്പോഴും ഓര്‍ക്കണം.
  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൈക്രോബ്ലോഗിംഗ് വെബ്സൈറ്റില്‍ സമാനമായ ആശങ്കകള്‍ പ്രകടിപ്പിക്കുകയും കൊറോണ വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെ നേരിടുന്നതില്‍ ഐക്യവും സാഹോദര്യവും ആവശ്യപ്പെടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ അംബാസഡറുടെ ട്വീറ്റ്. കോവിഡ് മഹാമാരിക്ക് മുന്നില്‍ വംശം, മതം, വര്‍ഗ്ഗ ജാതി, മതം, ഭാഷ, അതിര്‍ത്തികള്‍ എന്നിവ കാണുന്നില്ല. പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നല്‍കണം-മോദി ട്വീറ്റില്‍ പറഞ്ഞിരുന്നു. കൊറോണ വൈറസിന് പിന്നാലെ ഇന്ത്യയില്‍ ഇസ്്‌ലാമോഫോബിയ വ്യാപമായതിന്റെ പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം എന്നോര്‍ക്കണം. വൈറസ് പടര്‍ന്നതിന് കാരണക്കാരായ മുസ്്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ സജീവമായിരുന്നു. പലയിടത്തും ആക്രമണങ്ങളും നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്ഷേപങ്ങള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ മുന്നറിയിപ്പുണ്ട്. കഴിഞ്ഞയാഴ്ച യുഎഇ രാജകുടുംബത്തിലെ അംഗമായ രാജകുമാരി ഹിന്ദ് അല്‍ കാസിമി മുന്നറിയിപ്പ് നല്‍കി-യുഎഇയില്‍ പരസ്യമായി വംശീയവും വിവേചനപരവുമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ആര്‍ക്കും പിഴ ചുമത്തി നാടുകടത്തും. മുസ്്‌ലിംകളെ ലക്ഷ്യമിട്ട് ഇസ്്‌ലാമിനെ പരിഹസിച്ച് നിരവധി ട്വീറ്റുകള്‍ ഇറക്കിയ ദുബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ പ്രവാസി സൗരഭ് ഉപാധ്യായക്ക് ഇവര്‍ മറുപടി നല്‍കി. തന്റെ ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ച അല്‍ കാസിമി പറഞ്ഞു: ”നിങ്ങള്‍ പുച്ഛിക്കുന്ന ഈ ദേശത്തു നിന്നാണ് നിങ്ങള്‍ അപ്പവും വെണ്ണയും ഉണ്ടാക്കുന്നത്, നിങ്ങളുടെ പരിഹാസം ശ്രദ്ധിക്കപ്പെടില്ല.” മിനിറ്റുകള്‍ക്ക് ശേഷം ഉപാധ്യായ തന്റെ അക്കൗണ്ട് നിര്‍ജ്ജീവമാക്കി.
  2015 ല്‍ അറബ് സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ ബിജെപി എം.പിക്കെതിരെയും ഇപ്പോള്‍ പ്രതികരണങ്ങള്‍ വന്നു തുടങ്ങി. ദുബൈ ആസ്ഥാനമായുള്ള വ്യവസായി നൂറ അല്‍ ഗുറൈര്‍ ഇന്ത്യയുടെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി എം.പി തേജസ്വി സൂര്യക്കാണ് മറുപടി നല്‍കിയത്. ട്വീറ്റ് പങ്കുവെച്ച നൂറ അല്‍ ഗുറൈര്‍ സൂര്യയുടെ വിദ്യാഭ്യാസത്തെ സഹതപിച്ചു, സ്ത്രീകളോട് ആദരവ് കാണിക്കാന്‍ പറഞ്ഞു. എപ്പോഴെങ്കിലും ഒരു വിദേശയാത്രാ സൗകര്യം ലഭിക്കുകയാണെങ്കില്‍ അറബ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുക-എന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. സൂര്യ ട്വീറ്റ് ഇല്ലാതാക്കിയെങ്കിലും ഹാഷ്ടാഗ് ഇന്ത്യയില്‍ ട്രെന്‍ഡിലാണ്. പൗരത്വബില്‍ വിഷയത്തിലും മറ്റും വ്യാപകമായി മിഡില്‍ ഈസ്റ്റില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരെ ഇസ്്‌ലാം വിരുദ്ധതയും ആക്ഷേപവും ചൊരിഞ്ഞതിന് പുറത്താക്കിയിരുന്നു. ഇതിന്റെ ഭാഗമായി മറ്റൊരു കാര്യവും നടക്കുന്നകയുണ്ടായി. ഇസ്്‌ലാമിക സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്ത് ”ഇസ്്‌ലാമോഫോബിയ” സംഭവങ്ങള്‍ തടയുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോഓപ്പറേഷന്‍ (ഒഐസി) ഞായറാഴ്ച ആവശ്യപ്പെട്ടു. പല ഇന്ത്യന്‍ മാധ്യമങ്ങള്‍ മുസ്ലിംകളെ പ്രതികൂലമായി സ്വാധീനിക്കുകയും വിവേചനത്തിന് വിധേയരാക്കുകയും ചെയ്യുന്നുവെന്ന് ഒ.ഐ.സിയുടെ സ്വതന്ത്ര സ്ഥിരം മനുഷ്യാവകാശ കമ്മീഷന്‍ ട്വീറ്റില്‍ പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ ലക്ഷക്കണക്കിന് പ്രവാസികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ എല്ലാ മതവിഭാഗക്കാരുമുണ്ട്. സാധാരണ ഗതിതിയില്‍ അറബ് സമൂഹം മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാറില്ല. അവരുടെ സഹിഷ്ണുതാമനോഭാവവും മാനവിക ചിന്തയുമാണ് ലോകത്തിലെ എല്ലാ രാജ്യക്കാരെയും ഗള്‍ഫിലേക്ക് ആകര്‍ഷിക്കുന്നത്. ഒരു രാജ്യക്കാരോടും ദേശക്കാരോടും വിവേചനപരമായി അറബ് സമൂഹം പെരുമാറുന്നില്ല. തിരിച്ചും ഇന്ത്യന്‍ പ്രവാസി സമൂഹം വളരെ നല്ലരീതിയിലാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അറബികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രവാസി സമൂഹവും ഇന്ത്യക്കാരാണ്. എന്നാല്‍ ഇന്ത്യയില്‍ ബിജെപി ഭരണം വന്നതോടെയാണ് ഇസ്്‌ലാമോഫോബിയയുടെ വിത്തുകള്‍ ഗള്‍ഫിലേക്ക് കുടിയേറിയിരിക്കുന്നത്. അറബ് സമൂഹം ഇതൊന്നും ശ്രദ്ധിക്കാറില്ലെന്ന മട്ടിലാണ് സംഘപരിവാര്‍ ചിന്താഗതിക്കാര്‍ ഇതിന്റെ പ്രചാരകരായി മാറിയത്. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ഇത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല.