സംഘപരിവാറിന്റെ ഇസ്‌ലാമോഫോബിയക്കെതിരെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സൂരി

ദുബൈ: അറബ് രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന ഇസ്്‌ലാമോഫോബിയക്കെതിരെ യുഎഇയിലെ മുന്‍ അംബാസഡര്‍ നവദീപ് സൂരി രംഗത്ത്. അറബ് വംശജരെയും ഇസ്്‌ലാമിനെയും അവഹേളിക്കുന്ന പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായതോടെയാണ് പ്രമുഖര്‍ അതിനെതിരെ മുന്നിട്ടിറങ്ങിയിരിക്കുന്നത്. സംഘപരിവാര്‍ ആശയക്കാരായ ആളുകളാണ് പ്രധാനമായും ഇസ്്‌ലാമിനെ അവഹേളിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നത്. മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളില്‍ വ്യവസായങ്ങള്‍ നടത്തുകയും വിവിധ ജോലി ചെയ്യുന്നവരുമായ ആളുകള്‍ ഇത്തരം അവഹേളനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയപ്പോള്‍ അറബ് സമൂഹം പ്രതികരിച്ചു തുടങ്ങി. മാത്രമല്ല ഇത്തരം ആളുകളെ തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയെ ചൊല്ലിയുള്ള ഓണ്‍ലൈന്‍ പോരാട്ടങ്ങള്‍ക്കിടയില്‍ സഹിഷ്ണുത വളര്‍ത്താനുള്ള യുഎഇയുടെ ശ്രമങ്ങളെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സൂരി പ്രശംസിച്ചു. യുഎഇ സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുകയും സഹിഷ്ണുതയുടെ വര്‍ഷമായി 2019 ആഘോഷിക്കുകയും ചെയ്തു. അബുദാബിയില്‍ ഒരു പ്രധാന ഹിന്ദു ക്ഷേത്രം പണിയാന്‍ അനുവദിച്ചതിനു പുറമേ, അവര്‍ ഒരു സ്ഥലത്ത് ക്രിസ്ത്യന്‍ പള്ളിയും മോസ്‌കും സിനഗോഗും പണിയുന്ന പദ്ധതിയും ആരംഭിച്ചു-സൂരി പറഞ്ഞു. അവഹേളിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അല്ലെങ്കില്‍ വിവേകശൂന്യമായ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ കാരണം ജോലി നഷ്ടപ്പെടുകയും നിയമനടപടികള്‍ നേരിട്ട ഇന്ത്യന്‍ പ്രവാസികള്‍ക്ക് അദ്ദേഹം ജാഗ്രതാ കുറിപ്പും നല്‍കി. വിദ്വേഷ ഭാഷണത്തിനെതിരെ യുഎഇക്ക് ശക്തമായ നിയമങ്ങളുണ്ട്. എല്ലാ മതങ്ങള്‍ക്കും എതിരായ അവഹേളനപരമായ പരാമര്‍ശങ്ങള്‍ക്ക് ഇത് ബാധകമാണ്. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ട്വീറ്റ് ചെയ്ത ഇപ്പോഴത്തെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറും ഇക്കാര്യ ഓര്‍മ്മപ്പെടുത്തിയിരുന്നു. മുസ്്‌ലിം വിദ്വേഷം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ നടത്തിയ ശ്രമങ്ങള്‍ ഇപ്പോള്‍ അതിരുകവിഞ്ഞിരിക്കുകയാണ്. ഇതിന് പ്രോത്സാഹിപ്പിച്ചവര്‍ ഇപ്പോള്‍ വെപ്രാളത്തിലാണ്. ലോകമാകെ ഈ പ്രചാരണത്തെക്കുറിച്ച് ചര്‍ച്ചയിലാണ്. ഇന്ത്യയില്‍ കൊറോണ വൈറസിന് പോലും ജാതിയും മതവും കല്‍പിച്ചാണ് സംഘപരിവാരത്തിന്റെ പ്രചാരണം. മുസ്്‌ലിംകളാണ് ഇന്ത്യയില്‍ കൊറോണ പടര്‍ത്തിയതെന്ന് ഇപ്പോഴും പ്രചരിപ്പിക്കുന്നു. പുതിയ സാഹചര്യത്തില്‍ പ്രധാനമന്തി നരേന്ദ്രമോദിയും പ്രതികരിക്കേണ്ടി വന്നു. കൊറോണ വൈറസ് ”വംശമോ മതമോ കാണുന്നില്ല” എന്നാണ് നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്.
കൊറോണ വൈറസ് പാന്‍ഡെമിക്കിനെ ഇന്ത്യന്‍ മുസ്ലിംകളുമായി ബന്ധിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിരവധി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയോ ആരോപണങ്ങള്‍ നേരിടുകയോ ചെയ്തിട്ടുണ്ട്.