ദുബൈ: സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിനെ അധിക്ഷേപിച്ച കര്‍ണാടക സ്വദേശി രാകേഷ് ബി.കിറ്റൂര്മത്തിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ഇയാള്‍ പൊലീസ് നടപടി നേരിടേണ്ടിയും വരും. ദുബൈ ആസ്ഥാനമായ എംറില്‍ സര്‍വീസസില്‍ ടീം ലീഡറായി ജോലി ചെയ്തു വന്ന ഇയാളെ കമ്പനിയില്‍ നിന്ന് പിരിച്ചു വിട്ടതായി സിഇഒ സ്റ്റുവര്‍ട് ഹാരിസണ്‍ ആണ് അറിയിച്ചത്.
മതാധിക്ഷേപം ശ്രദ്ധയില്‍ പെട്ടയുടന്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നുവെന്ന് ഹാരിസണ്‍ പറഞ്ഞു. ഇയാളെ വേഗത്തില്‍ ദുബൈ പൊലീസിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. അസഹിഷ്ണുത ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും സീറോ ടോളറന്‍സ് പോളിസിയാണ് ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസുമായി ബന്ധപ്പെട്ട ഫേസ്ബുക് പോസ്റ്റിനുള്ള മറുപടിയില്‍ മുസ്ലിം ആരാധകരെ വെറുപ്പിന്റെ ഭാഷയില്‍ അപമാനിക്കുകയായിരുന്നു ഇയാള്‍ ചെയ്തത്. ഇയാളുടെ പ്രതികരണത്തിന്റെ സ്ക്രീന്ഷോട് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നൂറുകണക്കിനാളുകള്‍ ഇയാളെ ഡിസ്മിസ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ട് രംഗത്ത് വന്നു. 8,500ലധികം ജീവനക്കാരുള്ള കമ്പനിയാണ് തങ്ങളുടേതെന്നും ഇയാളെ ജോലിയില്‍ നിന്നും പറഞ്ഞു വിട്ടുവെന്നും ഹാരിസണ്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ റാണെബെന്നൂരി സ്വദേശിയാണ് രാകേഷ്. ഇസ്ലാമിനെ അധിക്ഷേപിച്ചതിന്റെ പേരില്‍ ഈയിടെ ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെടുന്ന രണ്ടാമത്തെയാളാണ് രാകേഷ്. ഈയാഴ്ച ആദ്യ വാരം മിതേഷ് ഉദേശി എന്നയാളെയും ഇപ്രകാരം അധിക്ഷേപം നടത്തിയതിന് പിരിച്ചു വിട്ടിരുന്നു. ഇസ്ലാമിനെ കാര്‍ട്ടൂണിലൂടെ പരിഹസിച്ചതിനായിരുന്നു നടപട
അതിനിടെ, തൊഴിലന്വേഷകനായ ഒരു ഇന്ത്യന്‍ മുസ്ലിമിനോട് പാക്കിസ്താനില്‍ പോകാന്‍ പറഞ്ഞ സമീര്‍ ഭണ്ഡാരിയെന്ന ആള്‍ക്കെതിരെ പരാതി പൊലീസില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.