ദുബൈ: കഴിഞ്ഞ ദിവസം നിര്യാതനായ പ്രമുഖ വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം ചാര്‍േട്ടര്‍ഡ് വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക അനുമതി നല്‍കി. ജോയ് അറക്കലിന്റെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍, ആഷ്‌ലിന്‍ എന്നിവരും മൃതദേഹത്തെ അനുഗമിക്കും. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഗള്‍ഫില്‍ നിന്ന് ഇതാദ്യമായാണ് ചാര്‍ട്ടേര്‍ഡ് വിമാനം എത്തുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോയ് അന്തരിച്ചത്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി, പ്രവാസി വയനാട് പ്രസിഡന്റും ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറിയുമായ മജീദ് മടക്കിമല, അഡ്വ. ഹാഷിഖ് തൈക്കണ്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. നാട്ടില്‍ നിന്നും ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ജോയിയുടെ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ട് ആവശ്യമായ സഹായ പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, വൈസ് പ്രസിഡന്റ് റഈസ് തലശ്ശേരി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, മജീദ് എന്നിവര്‍ ജോയിയുടെ ദുബൈയിലെ വീട് സന്ദര്‍ശിച്ച് കുടുംബത്തെ അനുശോചനമറിയിക്കുകയും ചെയ്തിരുന്നു.
ജോയ് അറക്കലിന്റെ മൃതദേഹത്തിന് അനുമതി ലഭിച്ചതിന് പുറമെ, ലണ്ടനിലെ നോട്ടിംങ്ഹാമില്‍ നിന്ന് പ്രസാദ്ദാസ് എളിംബന് ഭാര്യ സോണിയ, മകള്‍ അനുഷ്‌ക എന്നിവര്‍ക്കൊപ്പം നാട്ടിലേക്ക് പറക്കാനും ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. കാന്‍സര്‍ ചികിത്സയിലാണ് പ്രസാദ് ദാസ്.
കോഴിക്കോട് എംപി എം.കെ രാഘവന്‍, എലൈറ്റ് ഗ്രൂപ് എംഡി ആര്‍.ഹരികുമാര്‍, അഷ്‌റഫ് താമരശ്ശേരി, ലോക കേരള സഭാംഗം അഡ്വ. ഹാഷിക് ടി.കെ തുടങ്ങിയവരുടെ ശ്രമ ഫലമായാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് നോ ഒബ്ജഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാനായത്. വിദേശ കാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയുടെ അനുമതിയുണ്ടെങ്കില്‍ ഇവരെ കൊണ്ടുവരുന്നതിന് തടസ്സമില്ലെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം വിദേശ കാര്യ വിഭാഗം ഡയറക്ടര്‍ (എമിഗ്രേഷന്‍) സുമന്ത് സിംങ് ഒപ്പുവെച്ച അനുമതി പത്രത്തില്‍ പറയുന്നു. ജോയ് അറക്കലിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി എംബാമിങ് ഉള്‍പ്പെട്ട നടപടിക്രമങ്ങള്‍ ഇന്നലെ സോനാപ്പൂര്‍ ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്ററില്‍ പൂര്‍ത്തിയാക്കിയിരുന്നു. അന്‍വര്‍ നഹ, മജീദ് മടക്കിമല, അഡ്വ. ഹാഷിഖ്, ചാള്‍സ് പോള്‍, റിയാസ് കൂത്തുപറമ്പ, ഷംസുദ്ദീന്‍ നെല്ലറ, എ.എ.കെ മുസ്തഫ തുടങ്ങിയവര്‍ ജോയ് അറക്കലിന് അന്ത്യോപചാരമര്‍പ്പിച്ചു.