ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചു; മൃതദേഹം നാട്ടിലേക്ക്

ദുബൈ: യുഎഇയിലെ പ്രമുഖ വ്യവസായി വയനാട് സ്വദേശി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.
ബിസിനസ് ബേയിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്ന്് ദുബൈ പോലീസ് പറഞ്ഞു. ഏപ്രില്‍ 23ന് രാവിലെയാണ് ജോയ് അറക്കലിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ”ഒരു കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് വ്യാഴാഴ്ച ഒരാള്‍ താഴേക്ക് ചാടിയതായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചു. സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് ബിസിനസുകാരന്‍ ആത്മഹത്യ ചെയ്തു, ”-ബര്‍ ദുബൈ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം ബിന്‍ സുറൂറിന്റെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആത്മഹത്യയ്ക്ക് പിന്നില്‍ എന്തെങ്കിലും ക്രിമിനല്‍ സംശയം ഉള്ളതായി പൊലീസ് നിരാകരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ബന്ധുക്കളുമായി ചേര്‍ന്ന് ഏകോപനം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. യുഎഇ ഗോള്‍ഡ് കാര്‍ഡ് വിസയുള്ള അറക്കല്‍ ജോയ് ദുബൈ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. ഭാര്യ: സെലിനും മക്കളായ അരുണും ആഷ്ലിക്കുമൊപ്പം ജുമൈറയിലാണ് താമസം. ചാര്‍ട്ടേഡ് എയര്‍ ആംബുലന്‍സില്‍ യാത്ര ചെയ്യാന്‍ ഇന്ത്യന്‍ അധികൃതര്‍ പ്രത്യേക അനുമതി നല്‍കിയതിനെ തുടര്‍ന്ന് അറക്കലിന്റെ കുടുംബം മൃതദേഹവുമായി വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതായി ദുബൈയിലെ കോണ്‍സല്‍ ജനറല്‍ വിപുള്‍ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്ന് അവര്‍ക്ക് എന്‍ഒസി ലഭിച്ചു. യുഎഇ ഭാഗത്തുനിന്ന് ആവശ്യമായ അനുമതികള്‍ക്കായി ഞങ്ങള്‍ ഇത് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തെ സമീപിച്ചിരിക്കുയാണ്-വിപുല്‍ പറഞ്ഞു. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ചാര്‍ട്ടേഡ് എയര്‍ ആംബുലന്‍സില്‍ മൃതദേഹത്തോടൊപ്പം കുടുംബാംഗങ്ങളും നാട്ടിലേക്ക് പറക്കും.