വീടണയുന്നു.. രോഗവിമുക്തി നേടി;കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും താഴോട്ട്

ബംഗളൂരുവില്‍ നിന്ന് കണ്ണൂരില്‍ എത്തിയവരെ 14 ദിവസത്തെ കോറന്റൈന്‍ കഴിഞ്ഞ് വീടുകളിലേക്ക് യാത്രയാക്കുന്നു

നിരീക്ഷണത്തില്‍ 9403 പേര്‍

കണ്ണൂര്‍: ജില്ലയില്‍ കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറയുന്നു. ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 9403 ആയി. ആറിന് 10895 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. പിറ്റേ ദിവസം 10561 ലുമെത്തി. ഇതില്‍ നിന്നാണ് നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെ എണ്ണം 9403ലേക്കെത്തിയത്.
ഇവരില്‍ 92 പേര്‍ ആസ്പത്രിയിലും 9311 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 46 പേരും തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ എട്ട് പേരും ജില്ലാ ആസ്പത്രിയില്‍ 10 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 28 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 765 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 639 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 570 എണ്ണം നെഗറ്റീവാണ്. 126 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ സജ്ജമാക്കിയ 1848 മെഡിക്കല്‍ സംഘം ഇന്നലെ 18363 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. 81 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് 575 അതിഥി തൊഴിലാളികള്‍ക്കിടയിലും ബോധവല്‍ക്കരണം നല്‍കി ലഘുലേഖകളും വിതരണം ചെയ്തു. ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പുതുതായി 737 പേര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയത്.