റസാഖ് ഒരുമനയൂര്‍
അബുദാബി: നിസ്വാര്‍ത്ഥതയുടെ വിശുദ്ധ രൂപമാണ് പി.കെ അബ്ദുല്‍കരീം ഹാജിയുടെ വിയോഗത്തിലൂടെ പ്രവാസ ഭൂമികക്ക് നഷ്ടമായത്. നിസ്വാര്‍ത്ഥ സേവനം നിത്യജീവിതത്തിന്റെ ഭാഗമാക്കിയ അദ്ദേഹം അര നൂറ്റാണ്ട് കാലത്തെ അനുഭവ സമ്പത്തും നേതൃമഹിമയും ബാക്കിവെച്ചുകൊണ്ടാണ് പുണ്യമാസത്തില്‍ വിട വാങ്ങിയത്.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍, എംഐസി, അല്‍നൂര്‍ സ്കൂള്‍, വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്ലാമിയ്യ തുടങ്ങി അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്താത്ത സംഘടനകളും സ്ഥാപനങ്ങളും കുറവായിരുന്നു. നൂറുകണക്കിന് പ്രശ്നങ്ങളുടെ മധ്യസ്ഥനായും ജീവകാരുണ്യ മേഖലയിലെ മാലാഖയായും അദ്ദേഹം അര നൂറ്റാണ്ടോളം പ്രശോഭിച്ചു. ആരുടെ മുന്നിലും യാഥാര്‍ത്ഥ്യങ്ങള്‍ പറയാനുള്ള ചങ്കൂറ്റവും ഒപ്പം, ആരെയും അതിശയിപ്പിക്കുന്ന വിനയവും കരീം ഹാജിയുടെ പ്രത്യേകതയായിരുന്നു.
മുസ്ലിം ലീഗും ചന്ദ്രികയും സമസ്തയുമെല്ലാം ജീവന്റെ തുടിപ്പു പോലെയാണ് കരീം ഹാജി കാത്തു പോന്നത്. ഏത് പ്രവര്‍ത്തനത്തിനിടയിലും മതചിട്ട കാത്തു സൂക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചക്കും ഒരുക്കമല്ലായിരുന്നു. അനിവാര്യ ഘട്ടങ്ങളില്‍ പലപ്പോഴും കരീം ഹാജിയുടെ വാക്കുകള്‍ അന്തിമമായിരുന്നു. നിരവധി പള്ളികള്‍, മദ്രസകള്‍, അനാഥാലയങ്ങള്‍, ഇസ്ലാമിക സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സമുച്ചയങ്ങള്‍, നിര്‍ധനര്‍ക്കുള്ള സഹായങ്ങള്‍, ഹരിത രാഷ്ട്രീയ ആസ്ഥാനങ്ങള്‍, ചന്ദ്രിക അങ്ങനെയങ്ങനെ…പറഞ്ഞു തീര്‍ക്കാനാവാത്ത അത്രയും സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ സേവനത്തിന് മധുരമറിഞ്ഞിട്ടുണ്ട്.
പ്രവാസ സേവന രംഗത്തെ നിറഞ്ഞ മുഖം: ഹൈദരലി തങ്ങള്‍
പ്രവാസ സേവന രംഗത്തെ നിറഞ്ഞ മുഖമാണ് അന്തരിച്ച പി.കെ അബ്ദുല്‍ കരീം ഹാജിയുടേതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മാലിക് ദീനാര്‍ ഇസ്ലാമിക് കോംപ്ളക്സ്, വളാഞ്ചേരി മര്ക്കസുത്തര്ബിയ്യത്തുല് ഇസ്ലാമിയ്യ തുടങ്ങി കേരളത്തിലെ നിരവധി മത സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം നല്കിയ സേവനങ്ങള്‍ വിസ്മരിക്കാനാവാത്തതാണെന്ന് തങ്ങള്‍ പറഞ്ഞു. ആദ്യമായി ഗള്‍ഫ് നാടുകളിലെത്തുന്ന പ്രവാസികള്‍ക്ക് അത്താണി കൂടിയായിരുന്നു അദ്ദേഹം. വിശ്രമമില്ലാതെ ദീനീ സേവന രംഗത്ത് കരീം ഹാജി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് തങ്ങള്‍ അനുസ്മരിച്ചു.
സംഘടനാ രംഗത്ത് നാലര പതിറ്റാണ്ടിലേറെ നിസ്വാര്‍ത്ഥ സേവനം കാഴ്ച വെച്ച കരീം ഹാജിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ദൗത്യങ്ങള്‍ കണിശമായി നിര്‍വഹിക്കുന്നതിലും മുഖപത്രമായ ചന്ദ്രിക പ്രചരിപ്പിക്കുന്നതിലും അദ്ദേഹം അര്‍പ്പിച്ച സേവനങ്ങളെ മറക്കാനാവില്ലെന്ന് ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് സമദാനി, പി.കെ.കെ ബാവ, സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.എച്ച് റഷീദ്, തൃശൂര്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ്, ജന.സെക്രട്ടറി പി.എം അമീറലി, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ.പി ഖമറുദ്ദീന് എന്നിവരും അനുശോചനം രേഖപ്പെടുത്തി. യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി, ജന.സെക്രട്ടറി എം.പി.എം റഷീദ്, അബുദാബി കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജന.സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി എന്നിവരും അനുശോചനം രേഖപ്പെടുത്തി.
തൃശൂര്‍ ജില്ലാ കെഎംസിസി പ്രസിഡണ്ട് കോയ തിരുവത്ര, ജന.സെക്രട്ടറി നാസര്‍ നാട്ടിക, ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് വി.എം മുനീര്‍, ജന.സെക്രട്ടറി ജലീല്‍ കാര്യാടത്ത് എന്നിവരും അനുശോചനം രേഖപ്പെടുത്തി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറകോട്, പാലക്കാട്, വയനാട് എന്നീ ജില്ലാ കമ്മിറ്റികളും തെക്കന്‍ മേഖലാ കമ്മിറ്റിയും അനുശോചനമറിയിച്ചു.
മയ്യിത്ത് നമസ്കരിക്കാന്‍ അഭ്യര്‍ത്ഥന
മലപ്പുറം: പൊതുരംഗത്തെ നിസ്വാര്‍ത്ഥ സേവകന് പി.കെ അബ്ദുല്‍ കരീം ഹാജിക്കു വേണ്ടി മയ്യിത്ത് നമസ്കരിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ആളുകള്‍ ഒന്നിച്ചു കൂടുന്നത് ഒഴിവാക്കി നിയമങ്ങളും നിബന്ധനകളും പാലിച്ച് പരമാവധി പ്രാര്‍ത്ഥന നടത്തണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
മാതൃകാ പുരുഷന്: എം.എ യൂസുഫലി
പ്രവാസ സേവന മേഖലയിലെ മാതൃകാ പുരുഷനായിരുന്നു പി.കെ അബ്ദുല്‍ കരീം ഹാജിയെന്ന് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ് ചെയര്മാന് യൂസുഫലി എം.എ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി സഹായമെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഏതാനും ദിവസംമുമ്പ് തന്നെ വിളിച്ചിരുന്നതായും എല്ലാവിഭാഗം ആളുകള്‍ക്കും സഹായങ്ങള്‍ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായി യൂസുഫലി പറഞ്ഞു.