പി.കെ അബ്ദുല്‍ കരീം ഹാജിയുടെ മയ്യിത്ത് ഖബറടക്കി

പി.കെ അബ്ദുല്‍ കരീം ഹാജി

അബുദാബി: അബുദാബിയിലെ മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും വിവിധ സംഘടനകളുടെ നേതാവുമായിരുന്ന തിരുവത്ര പി.കെ അബ്ദുല്‍ കരീം ഹാജിയുടെ മയ്യിത്ത് ഖബറടക്കി. ഇന്നലെ ഉച്ച ഒന്നരയോടെ അബുദാബി ബനിയാസ് ഖബര്‍സ്താനിലാണ് ഖബറടക്കിയത്. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, കെഎംസിസി, സുന്നി സെന്റര്‍ തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ ഖബറടക്കലിന് എത്തിച്ചേര്‍ന്നിരുന്നു. നാലര പതിറ്റാണ്ടിലേറെയായി അബുദാബിയിലെ ജീവകാരുണ്യ രംഗത്ത് നിറഞ്ഞു നിന്നിരുന്ന കരീം ഹാജിക്കു വേണ്ടി ഇന്നലെ പ്രവാസികള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് തറാവീഹ് നമസ്‌കാര ശേഷം സ്വന്തം താമസയിടങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തുകയായിരുന്നു. ആയിരക്കണക്കിന് പ്രവാസികളാണ് ഇത്തരത്തില്‍ മയ്യിത്ത് നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയത്. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, കെഎംസിസി, സുന്നി സെന്റര്‍ തുടങ്ങി വിവിധ സംഘടനാ പ്രവര്‍ത്തകരും കുടുംബങ്ങളും പ്രാര്‍ത്ഥനകളില്‍ പങ്കാളികളായി. ഒന്നിച്ചു കൂടാന്‍ കഴിഞ്ഞില്ലെങ്കിലും പ്രിയ നേതാവിന്റെ പരലോകം ധന്യമാക്കാന്‍ പ്രാര്‍ത്ഥനകളില്‍ മുഴുകാന്‍ ഓരോ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിച്ചു.