പ്രവാസികളെ തിരിച്ചെത്തിക്കാന്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് ഹൈക്കോടതി

41

പ്രവാസികള്‍ക്ക് നല്‍കിയ സാമ്പത്തിക-വൈദ്യ സഹായങ്ങളുടെ കൃത്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു

കൊച്ചി/ദുബൈ: യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ കേരളത്തില്‍ എത്തിക്കുന്നതിന് മുന്നോടിയായി സ്വീകരിച്ച മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് കേരള ഹൈക്കോടതി. തിരിച്ചെത്തുന്ന പ്രവാസികളെ പാര്‍പ്പിക്കാനുള്ള ക്വാറന്റീന്‍ സൗകര്യങ്ങള്‍, ലഭ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, വെന്റിലേറ്ററുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി. പ്രവാസികളെ മുന്‍ഗണന ക്രമത്തില്‍ നാട്ടില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ദുബൈ കെഎംഎസിസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. പ്രവാസികളെ എത്തിച്ചാല്‍ അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് അതെന്തൊക്കെയെന്ന് പരിശോധിക്കാനുള്ള കോടതി തീരുമാനം. വിശദാംശങ്ങള്‍ വ്യാഴാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് അഡ്വക്കറ്റ് ജനറലിനോട് കോടതി ആവശ്യപ്പെട്ടു.
രണ്ടു ലക്ഷം പേരെ ക്വാറന്റീന്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതായി ദുബൈ കെഎംഎസിസിക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ ഓരോ സംസ്ഥാനത്തെയും ആരോഗ്യ സംവിധാനങ്ങള്‍ വിലയിരുത്തിയാണ് തീരുമാനം എടുക്കേണ്ടത്. കേരളം കൊറോണ പ്രതിരോധത്തില്‍ മുന്‍പന്തിയിലാണ്. ആത്യന്തികമായി ആരോഗ്യം സംസ്ഥാന വിഷയമാണ്. എമിറേറ്റ്‌സ് അടക്കമുള്ള വിമാന കമ്പനികള്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചതിനാല്‍ ഇതിന് കോടതി അനുമതി നല്‍കണം. എത്രയും വേഗം പ്രവാസികള്‍ക്ക് അനുകൂലമായ പരിഹാരം ഉണ്ടാവണമെന്നും ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു.
ഹര്‍ജിയിലെ ആവശ്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഇന്നും എതിര്‍ത്തു. ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് നല്‍കാനാവില്ല. പ്രവാസികളെ ഇപ്പോള്‍ കൊണ്ടുവന്നാല്‍ അത് ലോക്ക്ഡൗണിനെ ദുര്‍ബലമാക്കുമെന്നും കേന്ദ്രം വാദിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റപ്പെടണം. കഴിഞ്ഞ എട്ടു ദിവസത്തിനിടെ പ്രവാസികള്‍ക്ക് എന്തൊക്കെ സാമ്പത്തിക, വൈദ്യ സഹായങ്ങള്‍ എംബസികള്‍ നല്‍കിയെന്ന് അറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു. എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്ന പൊതുപ്രസ്താവന വേണ്ട. സഹായത്തിന് എംബസികളെ സമീപിക്കുന്നവര്‍ക്ക് എന്തൊക്കെ നല്‍കുന്നുണ്ടെന്ന് കൃത്യമായി വിശദമാക്കണം. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചു വരുന്നത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നയം എന്താണെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണാനാണ് കോടതിയുടെ ശ്രമമെന്നും പ്രായോഗികമായ പരിഹാരത്തിനാണ് ശ്രമമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
നാട്ടില്‍ നിന്ന് മരുന്ന് എത്തിക്കുന്നത് തടസപ്പെട്ടതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍, മറ്റു രോഗബാധിതര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ജോലി തേടി വിസിറ്റിംഗ് വിസയില്‍ എത്തി പണം തീര്‍ന്ന് പ്രയാസപ്പെടുന്നവര്‍, തൊഴില്‍ ഇല്ലാതെ ലേബര്‍ ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ എന്നിവരെയെല്ലാം മുന്‍ഗണന നല്‍കി നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ദുബൈ കെഎംസിസിയുടെ ആവശ്യം. മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കണമെന്നും നിര്‍ദേശമുണ്ട്.