ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലാണ് ഹരജി നല്‍കിയത്
കൊച്ചി/ദുബൈ: യുഎഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, അഡ്വ. മുഹമ്മദ് ഷാഫി എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ കേരള ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിശദീകരണം തേടി. പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലെത്തിയാല്‍ അത് കൈകാര്യം ചെയ്യാന്‍ സര്‍ക്കാറിന് സാധിക്കുമോയെന്ന് അറിയിക്കാനും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പ്രവാസികളെ കൊണ്ടു വന്നാല്‍ അവരെ താമസിപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തത വേണം. കോവിഡ് 19 പ്രതിരോധത്തില്‍ കേരളം മുന്നിലാണ്. അത് ലോകം അംഗീകരിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രവാസികള്‍ കൂട്ടത്തോടെ വന്നാല്‍ സംസ്ഥാനത്തിന് അത് കൈകാര്യം ചെയ്യാനാകുമോയെന്നത് സംബസിച്ച് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് കൂടി അറിയണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കൂട്ടത്തോടെ പ്രവാസികളെത്തുമ്പോള്‍ ക്രമസമാധാന പ്രശ്‌നം വരെ ഉണ്ടാവാമെന്നും കോടതി നിരീക്ഷിച്ചു.
പ്രവാസികളുടെ കണക്കറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു. ഗള്‍ഫില്‍ എത്ര പേര്‍ കുടുങ്ങി കിടക്കുന്നുവെന്നറിയാന്‍ ഇത് ആവശ്യമാണ്. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നോഡല്‍ ഓഫീസറെ നിയമിച്ചെന്ന് കേന്ദ്ര സര്‍ക്കാറും കോടതിയെ അറിയിച്ചു.
യുഎഇയില്‍ നിന്നും എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും അടക്കമുള്ള വിമാന കമ്പനികള്‍ ആളുകളെ ഇന്ത്യയിലേക്ക് കൊണ്ടു പോകാന്‍ സന്നദ്ധമായ സ്ഥിതിക്ക് ആവശ്യമായ നടപടികള്‍ വേഗത്തില്‍ സ്വീകരിച്ചാല്‍ നിരവധി പേര്‍ക്ക് നാട്ടിലെത്താനാകുമെന്ന് ഇബ്രാഹിം എളേറ്റില്‍ ഹരജിയില്‍ പറഞ്ഞിരുന്നു. കോവിഡ് 19 ഭേദമായവരെ കൂടാതെ, ജോലിയും വേതനവുമില്ലാതായതിനാല്‍ ഒരു രോഗവുമില്ലാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. ഇത് കൂടാതെ, കോവിഡ് 19 അല്ലാതെ, മറ്റു പല തരം അസുഖങ്ങളാല്‍ വിഷമിക്കുന്ന മറ്റനേകം പേരുമുണ്ട്. അവരുടെ ചികില്‍സ മുടങ്ങുന്ന സ്ഥിതി വിശേഷവുമുണ്ട്. സന്ദര്‍ശക വിസയിലെത്തി താമസ സൗകര്യവും ഭക്ഷണവുമില്ലാതെ നരക യാതന അനുഭവിക്കുന്നവരും ഗര്‍ഭിണികളും പ്രായമാവരുമുണ്ട്. ഇവര്‍ക്കെല്ലാം ഉടന്‍ നാട്ടിലെത്തേണ്ടത് ഏറ്റവും കുറഞ്ഞത് ജീവന്‍ നിലനില്‍ക്കാനെങ്കിലും അത്യന്താപേക്ഷിതമായ കാര്യമാണ്.
ആയതിനാല്‍, ഈ വിഷയത്തില്‍ ഉത്തവാദപ്പെട്ട കേന്ദ്ര-കേരള സര്‍ക്കാറുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.