കൊച്ചി: കേരളവുമായി പങ്കിടുന്ന കാസര്‍ക്കോട് അതിര്‍ത്തി ഉടന്‍ തുറക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ചികില്‍സ ലഭിക്കാതെ രോഗികള്‍ മരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്ന് കോടതി വ്യക്തമാക്കി. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ബാധ്യതയുണ്ട്. അത് എല്ലാവരും പാലിക്കണമെന്നും ഇന്നലെ രാത്രി വൈകി പുറപ്പെടുവിച്ച വിധിയില്‍ കോടതി വ്യക്തമാക്കി. ഹൈകോടതി വിധിക്കെതിരെ കര്‍ണാടക സുപ്രീം കോടതിയില്‍ പോവാനാണ് സാധ്യത. ഈ വിഷയത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന് നല്കിയ ഹര്‍ജി സുപ്രീം കോടതി പരിഗണനയിലുണ്ട്.
കേരള കര്‍ണാടക അതിര്‍ത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയ മധ്യസ്ഥ ശ്രമം ഇന്നലെ ഫലം കണ്ടിരുന്നില്ല. ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയാണ്, അതിര്‍ത്തി തുറക്കാനാവില്ലെന്ന കര്‍ണാടകയുടെ പിടിവാശിയെതുടര്ന്ന് പരാജയപ്പെട്ടത്. വിഷയത്തില്‍ സമവായം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കര്‍ണാടകം വഴങ്ങിയില്ല. അതേസമയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്ന ആവശ്യം ചര്‍ച്ചയില്‍ കേരളം ഉന്നയിച്ചു. രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ തടയരുതെന്ന കേന്ദ്രത്തിന്റെ ആവശ്യംപോലും കര്‍ണാടക നിരസിക്കുകയായിരുന്നു.ചികിത്സാ ആവശ്യങ്ങള്‍ക്ക് അതിര്‍ത്തി തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാന്‍ കര്‍ണാടകയോട് ചൊവ്വാഴ്ച രാവിലെ കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിര്‍ത്തി തുറക്കാനാവില്ലെന്ന നിലപാടാണ് ഇന്നലെ കര്‍ണാടകം ഹൈക്കോടതിയെ അറിയിച്ചത്. മനുഷ്യ ജീവന്റെ പ്രശ്നമാണെന്നും കാര്യങ്ങളെ നിസ്സാരമായി കാണരുതെന്നും കര്‍ണാടകയെ താക്കീതു ചെയ്ത ഹൈക്കോടതി, വൈകീട്ട് അഞ്ചരക്കു മുമ്പ് തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ചീഫ് സെക്രട്ടറി തല ചര്‍ച്ചകള്‍ നടന്നത്. സെക്രട്ടറി തല ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സമവായം രൂപപ്പെടാതിരുന്നതോടെ അടിയന്തര ചികിത്സാആവശ്യങ്ങള്ക്കായി റോഡ് തടസ്സംനീക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് രാത്രി കോടതി ഉത്തരവിറക്കിയത്. കാസര്‍ക്കോട്ട് കോവിഡ് 19 വ്യാപനം ശക്തമായ പശ്ചാത്തലത്തിലാണ് അതിര്‍ത്തികള്‍ കര്‍ണാടക അടച്ചത്. എന്നാല്‍ കാസര്‍ക്കോട്ടെ ഭൂരിഭാഗം ജനങ്ങളും വിദഗ്ധ ചികിത്സക്ക് പതിറ്റാണ്ടുകളായി ആശ്രയിക്കുന്നത് മംഗലാപുരത്തേയാണ്.