കേരള ഹൈക്കോടതി നിരീക്ഷണം സുപ്രധാനം

ദുബൈ: യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, അഡ്വ. മുഹമ്മദ് ഷാഫി എന്നിവര്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ കേസ് അത്യന്തം ആശങ്കാജനകമെന്നാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, ടി.ആര്‍ രവി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം. കെഎംസിസി നല്‍കിയ ഹര്‍ജി എന്തു കൊണ്ട് മറ്റു ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികളില്‍ നിന്നും വ്യത്യസ്തമാണെന്ന് ബോധിപ്പിക്കാനായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ പ്രധാന ശ്രമം. നാട്ടില്‍ നിന്ന് മരുന്നെത്തിക്കുന്നത് തടസ്സപ്പെട്ടതിനാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, മറ്റു രോഗബാധിതര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ജോലി തേടി വിസിറ്റിംഗ് വിസയില്‍ എത്തി പണം തീര്‍ന്നതിനാല്‍ ബുദ്ധിമുട്ടുന്നവര്‍, തൊഴില്‍ ഇല്ലാതെ ലേബര്‍ ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ എന്നിവരെയെല്ലാം മുന്‍ഗണന നല്‍കി നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാണ് കോടതിയില്‍ ബോധിപ്പിച്ചത്. മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും കോടതിയില്‍ അതുണ്ടായില്ല. നിലവില്‍ യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചു കൊണ്ടു വരാന്‍ ആവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്ന കാരണം കാട്ടി ഒരു സംസ്ഥാനത്തിന് മാത്രം ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയില്ല. പ്രവാസികളെ തിരിച്ചു കൊണ്ടു വരാന്‍ ആവില്ലെന്ന് വ്യക്തമാക്കുന്ന സത്യവാംങ്മൂലവും കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഫയല്‍ ചെയ്തിട്ടുണ്ട്.
കേന്ദ്രത്തിന്റെ ഈ കടുത്ത നിലപാടിനിടെയും കോടതി ചോദിച്ച ചില കാര്യങ്ങളിലാണ് പ്രതീക്ഷ. യുഎഇയില്‍ നിന്നുള്ള പ്രവാസികളെ തിരിച്ചു കൊണ്ടു വന്നാല്‍ കേരളത്തില്‍ അവരെ ക്വാറന്റീനിലാക്കാന്‍ തക്ക സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ച കാര്യം കോടതി ചൂണ്ടിക്കാട്ടി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതില്‍ മറ്റു ഹൈക്കോടതികളുടെ പരിഗണനയില്‍ ഹര്‍ജികള്‍ ഉണ്ടെങ്കിലും യുഎഇയിലെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട കെഎംസിസി ഹര്‍ജി പ്രത്യേക ആവശ്യങ്ങളുമായുള്ളതാണ്. മാത്രമല്ല, കുടുങ്ങിക്കിടക്കുന്നവരെ അതത് രാജ്യങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്നത് സംബന്ധിച്ച യുഎഇ സര്‍ക്കാറിന്റെ മുന്നറിയിപ്പ് കെഎംസിസി സമര്‍പ്പിച്ചതും കോടതി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ മറുപടിയും സത്യവാംങ്മൂലവും പരിശോധിച്ച് ഈ മാസം 21ന് കേരള ഹൈക്കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.