ദുഃഖങ്ങളും വേദനകളും പങ്കിട്ട് പ്രവാസികള്‍; ധൈര്യം പകര്‍ന്ന് ടി.എന്‍ പ്രതാപന്‍ എംപി

43

തൃശൂര്‍: കോവിഡ് തീര്‍ത്ത ദുഃഖങ്ങളും ഇന്ത്യന്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അവഗണനയും പങ്കിട്ട് പ്രവാസികള്‍. അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്ന ഉറപ്പും ആത്മവിശ്വാസവും നല്‍കി ടി.എന്‍ പ്രതാപന്‍ എംപി. മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രവാസികളോടൊപ്പം’ എന്ന ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി നേതാക്കള്‍ തങ്ങളുടെ സങ്കടങ്ങളുടെയും ആവലാതികളുടെയും കെട്ടുകളഴിച്ചത്.
ജിസിസി രാജ്യങ്ങളിലെ കെഎംസിസി തൃശ്ശൂര്‍ ജില്ലാ ഭാരവാഹികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കോവിഡ് സംശയിക്കുന്നവര്‍ക്ക് ക്വാറന്റീനില്‍ കഴിയാനുള്ള പ്രയാസവും, സ്ഥിരീകരിച്ചവര്‍ക്ക് ചികിത്സക്കും താമസത്തിനുമുള്ള സൗകര്യക്കുറവും, ജോലി നഷ്ടപ്പെട്ടവരുടെ വിഷമങ്ങളും ദുരിത കാലത്ത് ഇന്ത്യന്‍ എംബസികളും നോര്‍കയും അവസരത്തിനൊത്ത് ഉയരാത്തതും പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിഷേധാത്മക നയത്തിലുള്ള പ്രതിഷേധവുമെല്ലാം അവര്‍ എംപിയുമായി പങ്കുവച്ചു. പരാതികള്‍ ഓരോന്നായി കേട്ട പ്രതാപന്‍, അവ പരിഹരിക്കാനുള്ള സത്വര നടപടികള്‍ ഉറപ്പു നല്‍കി.
കോവിഡ് പടര്‍ന്നു പിടിച്ച ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ എംബസികള്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന പരാതിയാണ് വിവിധ രാജ്യങ്ങളിലെ കെഎംസിസി പ്രതിനിധികള്‍ ഒറ്റക്കെട്ടായി ഉന്നയിച്ചത്. കോവിഡ് സംശയിക്കുന്നവരെ ക്വാറന്റീനില്‍ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത എല്ലാ എമിറേറ്റുകളിലും നിറഞ്ഞു നില്‍ക്കുന്നു. അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെയും ദുബൈ കോണ്‍സുലേറ്റിന്റെയും കീഴില്‍ നിരവധി സാംസ്‌കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ മാനേജ്‌മെന്റിന് കീഴില്‍ നിരവധി സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു. ഇത്തരം സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് ആവശ്യമായ താമസ സൗകര്യം ഒരുക്കണമെന്നാണ് പ്രവാസി നേതാക്കളുടെ ആവശ്യം. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ എന്നിവ ആധുനിക രീതിയിലുള്ള കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവ ഏറ്റെടുത്ത് ആവശ്യമായ സൗകര്യം ഒരുക്കിയാല്‍ ആയിരക്കണക്കിനാളുകള്‍ക്ക് താമസിക്കാന്‍ കഴിയും. രോഗലക്ഷണങ്ങള്‍ ഉള്ളവരെയും ജോലി നഷ്ടപ്പെട്ട് താമസിക്കാന്‍ ഇടമില്ലാത്തവരെയും പാര്‍പ്പിക്കണമെന്നാണ് ആവശ്യം. സ്ഥാനപതി കാര്യാലയം ഇത്തരം സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായാല്‍ താമസ സൗകര്യം ഒരുക്കാന്‍ യുഎഇയിലെ വ്യാവസായിക രംഗത്തുള്ളവര്‍ ഒരുക്കമാണ്. നൂറുകണക്കിനാളുകള്‍ ജോലി നഷ്ടപ്പെട്ടത് കാരണം റൂം വാടകക്കും ഭക്ഷണത്തിനും പണമില്ലാതെ കഷ്ടപ്പെടുകയാണ്. താമസിക്കാനിടമില്ലാത്തവരുടെ കാര്യത്തില്‍ ഇന്ത്യന്‍ എംബസി അടിയന്തിരമായി ഇടപെടണം. ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഇത്തരം കാര്യങ്ങള്‍ എംബസി ഏകോപിപ്പിക്കണം.
യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, സഊദി, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് അടിയന്തിരമായി ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഉണര്‍ത്തി.
നാട്ടിലേക്ക് യാത്രക്ക് അനുമതി കിട്ടുന്ന മുറക്ക് ഗര്‍ഭിണികള്‍, കുട്ടികള്‍, വിസിറ്റിംഗ് വിസയിലെത്തിയവര്‍, ഫൈനല്‍ എക്‌സിറ്റ് നേടിയവര്‍, മറ്റ് രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവര്‍, ജയിലുകളില്‍ നിന്ന് എക്‌സിറ്റ് ലഭിച്ചവര്‍ എന്നിവരെ മുന്‍ഗണന ക്രമത്തില്‍ നാട്ടിലെത്തിക്കണം.
പി.കെ കുഞ്ഞാലിക്കുട്ടി എംപി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ക്കൊപ്പം പാര്‍ലമെന്റിലും ദേശീയ മനുഷ്യാവകാശ കമ്മീഷനിലും പ്രവാസികള്‍ക്ക് വേണ്ടി ടി.എന്‍ പ്രതാപന്‍ എംപി നടത്തിയ ഇടപെടലിന് കെഎംസിസി നേതാക്കള്‍ പ്രത്യേകം നന്ദി അറിയിച്ചു.
ഒരു കൂടപ്പിറപ്പിന്റെ വികാര വായ്‌പോടെയാണ് പ്രവാസികളുടെ ജീവിത പ്രയാസങ്ങള്‍ എംപി കേട്ടിരുന്നത്. അവരുടെ ആവശ്യങ്ങള്‍ ഓരോന്നും കൃത്യമായി ചോദിച്ചറിഞ്ഞു. കേന്ദ്ര സര്‍ക്കാറുമായും, ഇന്ത്യന്‍ എംബസികളുമായും സംസ്ഥാന സര്‍ക്കാറുമായും നോര്‍കയുമായും അടിയന്തിരമായി ബന്ധപ്പെട്ട് ഈ പ്രശ്‌നങ്ങളില്‍ സത്വര പരിഹാരത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
കോവിഡ് വ്യാപനത്തിലൂടെ ആകുലതകളുമായി കഴിയുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിന് താങ്ങും തണലും ആശ്വാസവും ആത്മധൈര്യവും പകരുകയായിരുന്നു കെഎംസിസിയെന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. മരുന്നും ഭക്ഷണവും ക്വാറീന്‍ താമസവും ഒരുക്കുന്നതുള്‍പ്പെടെ എല്ലാ മേഖലകളിലും മുഴുവന്‍ സമയ സേവകരായി കെഎംസിസി നിലയുറപ്പിച്ചു. കെഎംസിസി പ്രവര്‍ത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. എല്ലാ പ്രവാസി സംഘടനകളും ഇക്കാര്യത്തില്‍ കെഎംസിസിക്കൊപ്പം ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം ഗള്‍ഫ് മേഖലകളിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനും പ്രവാസി സമൂഹത്തിന് കൈത്താങ്ങാകുന്നതിനും മുസ്‌ലിം ലീഗ് നടത്തുന്ന ശ്രമങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു.
മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി മുന്‍കയ്യെടുത്താണ് ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ആദ്യ ദിവസ ചര്‍ച്ചയില്‍ ടി.എന്‍ പ്രതാപന്‍ എം.പി, വിവിധ രാജ്യങ്ങളിലെ കെഎംസിസികളെ പ്രതിനിധീകരിച്ച് ഫൈസല്‍ മതിലകം, അബ്ദുല്‍ കലാം (അല്‍ ഐന്‍), ജമാല്‍ മനയത്ത്, അശ്‌റഫ് കിള്ളിമംഗലം (ദുബൈ), കെ. കോയ, കെ.എം നാസര്‍ (അബുദാബി), ആര്‍.ഒ ബക്കര്‍, കെ.എ റഷീദ് (ഷാര്‍ജ), അബൂ താഹിര്‍, മഹ്ബൂബ് (ഫുജൈറ), സലാം തിരുനെല്ലൂര്‍ (അജ്മാന്‍), അബു പുന്നയൂര്‍, ഹുസൈന്‍ കൂളിയാട്, ബാദുഷ അണ്ടത്തോട് (റാസല്‍ ഖൈമ), റഷീദ് പുളിക്കല്‍ (ബഹ്‌റൈന്‍), മുജീബ് എളനാട്, പി.യു ബഷീര്‍ (ജിദ്ദ), റാഫി അണ്ടത്തോട് (ദമ്മാം), ഷൗക്കത്തലി പാലപ്പിള്ളി, കബീര്‍ വൈലത്തൂര്‍ (റിയാദ്), അബ്ദുല്‍ അസീസ് വലിയകത്ത് (കുവൈത്ത്), പി.എസ്.എം ഹുസൈന്‍, എന്‍.ടി നാസര്‍ (ഖത്തര്‍), നാസര്‍ കൊടുങ്ങല്ലൂര്‍, ഷാക്കിര്‍ പുത്തന്‍ചിറ, റാഫി കളത്തിപ്പില്‍ (മസ്‌കത്ത്) തുടങ്ങിയവര്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ്, വൈസ് പ്രസിഡണ്ട് കെ.എ ഹാറൂന്‍ റഷീദ്, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജന.സെക്രട്ടറി എ.എം സനൗഫല്‍ എന്നിവരും
ടി.എന്‍ പ്രതാപന്‍ എംപിയോടൊപ്പം പങ്കെടുത്തു.