കൊച്ചി/ദുബൈ: കോവിഡ് 19നെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ വിമാന സര്‍വീസ് അനുവദിക്കണമെന്ന ആവശ്യവുമായി ദുബൈ കെഎംസിസി കേരള ഹൈക്കോടതിയെ സമീപിച്ചു. ലേബര്‍ ക്യാമ്പുകളിലടക്കം ജോലിയും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്നവരെ അടിയന്തിരമായി നാട്ടിലെത്തിക്കാനായി യാത്രാ വിലക്കില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, അഡ്വ. എം. മുഹമ്മദ് ഷാഫി എന്നിവര്‍ മുഖേനയാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി നല്‍കുന്നതിന് ട്രാവല്‍ രംഗത്തെ വിദഗ്ധരായ സ്മാര്‍ട് ട്രാവല്‍ എംഡി അഫി അഹ്മദിന്റെ പിന്തുണയുമുണ്ട്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍വീസ് തുടങ്ങാന്‍ തയാറാണെന്ന് എമിറേറ്റ്‌സ്, ഫ്‌ളൈ ദുബൈ കമ്പനികള്‍ അറിയിച്ചിട്ടും സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കെഎംസിസിയുടെ നിയമ നടപടി.
സന്നദ്ധതയറിയിച്ച വിമാന കമ്പനികള്‍ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. തിരികെ എത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ക്വാറന്റീന്‍ ചെയ്ത് വൈദ്യ സഹായം ലഭ്യമാക്കണം. യുഎഇയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് വിദേശ കാര്യ മന്ത്രിക്കും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിക്കും മുഖ്യമന്ത്രി പിണറായി വിജയനും കെഎംസിസി കത്ത് നല്‍കിയിരുന്നു. എന്നാല്‍, സാഹചര്യം കേന്ദ്ര സര്‍ക്കാറിനെ ധരിപ്പിച്ചിട്ടുണ്ടെന്നായിരുന്നു സ്ഥാനപതിയുടെ മറുപടി. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന് മാര്‍ച്ച് 23ന് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് നല്‍കിയതുമില്ല. കുടുങ്ങിക്കിടക്കുന്ന പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനും തുല്യതക്കുമുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നാണ് ഹര്‍ജിയിലെ വാദം. നിലവിലെ അസാധാരണ സാഹചര്യത്തില്‍ ആര്‍ട്ടിക്ള്‍ 226 പ്രകാരം ഹൈക്കോടതിയെ സമീപിക്കുകയല്ലാതെ നിര്‍വാഹമില്ല.
ഇന്ത്യയില്‍ കുടുങ്ങിയ കാനഡ, ജര്‍മനി സ്വദേശികളെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസ് നടത്തിയതിന് സമാനമായി യുഎഇയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്ത്യക്കാരെ എത്തിക്കണമെന്നാണ് ആവശ്യം. കൊറോണ ബാധിച്ച രാജ്യങ്ങളായ അഫ്ഗാനിസ്താന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ശേഷവും മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ 405 പേരെ ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇതേ വിമാനത്തില്‍ ഇന്ത്യയിലുള്ള 135 മലേഷ്യന്‍ പൗരന്മാരെ അവരുടെ നാട്ടിലും എത്തിച്ചു. വിദേശ രാജ്യത്ത് അകപ്പെട്ട സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. തൊഴിലന്വേഷിച്ച് സന്ദര്‍ശക വിസയിലെത്തി കാലാവധി തീര്‍ന്ന് ചെലവിന് പണമില്ലാതെ വലയുന്നവര്‍, യാത്രാ നിയന്ത്രണം കാരണം കുട്ടികള്‍ ഇന്ത്യയിലും മാതാപിതാക്കള്‍ യുഎഇയിലുമായി കഴിയേണ്ടി വരുന്നവര്‍, തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ ഇന്ത്യയില്‍ എത്തേണ്ടത് അനിവാര്യമായ ഗര്‍ഭിണികള്‍, പരിചരിക്കാന്‍ മറ്റാരുമില്ലാത്ത അസുഖ ബാധിതരെ സഹായിക്കേണ്ട കുടുംബാംഗങ്ങള്‍, തൊഴിലും ഭക്ഷ്യ വസ്തുക്കളുമില്ലാതെ ലേബര്‍ ക്യാമ്പുകളില്‍ തുടരേണ്ടി വരുന്നവര്‍ എന്നിവരെയൊക്കെ നാട്ടിലെത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഹര്‍ജിയില്‍ കെഎംസിസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഇളവ് ചെയ്യുന്നതിനെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി വിമാന സര്‍വീസുകള്‍ ജൂണ്‍ മുതല്‍ മാത്രമേ അനുവദിക്കാവൂ എന്നാണ് ശിപാര്‍ശ നല്‍കിയത്. ഈ സാഹചര്യത്തില്‍, ഹൈക്കോടതി ഇടപെട്ട് കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയാല്‍ മാത്രമേ പ്രവാസികളുടെ ആശങ്ക ദുരീകരിക്കാന്‍ കഴിയൂവെന്നും ഹര്‍ജി വ്യക്തമാക്കുന്നു.
റിയാദ്/കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരില്‍ നാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരെ നാട്ടി?ശത്തിക്കാന്‍ ഇടപെടണമെന്ന് സഊദി കെഎംസിസി നാഷണല്‍ പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി കുവൈത്ത് കെഎംസിസി പ്രസിഡണ്ട് ഷറഫുദ്ദിന്‍ കണ്ണേത്തും രംഗത്തെത്തി.
Home INTERNATIONAL യുഎഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാവശ്യപ്പെട്ട് ദുബൈ കെഎംസിസി ഹൈക്കോടതിയില്‍