കെ.പി മുഹമ്മദിനെതിരെ കേസ്: പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണം -ഇബ്രാഹിം എളേറ്റില്‍

ദുബൈ/കോഴിക്കോട്: ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറി കെ.പി മുഹമ്മദിനെതിരെ കള്ളക്കഥയുണ്ടാക്കി പൊലീസ് കേസെടുത്ത നടപടി അത്യന്തം അപലപനീയമാണെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ കാരണമായി പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാന്‍ സ്വയം സന്നദ്ധരായി റിലീഫ് പ്രവര്‍ത്തനം നടത്തുന്നവരെ നിരുല്‍സാഹപ്പെടുത്തുന്ന കേരള സര്‍ക്കാറിന്റെയും പൊലീസിന്റെയും നടപടി ദുരുപദിഷ്ടമാണ്. ഈ സമീപനം തിരുത്തണം. അനേകം പേര്‍ക്ക് തണലായി വര്‍ത്തിക്കുന്ന കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നീക്കമാണിത്. സര്‍ക്കാറും ആരോഗ്യ വകുപ്പും നല്‍കിയ നിര്‍ദേശം അക്ഷരംപ്രതി അനുസരിച്ച് മൂന്നാഴ്ചയായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത കെ.പി മുഹമ്മദിനെതിരെ ക്വാറന്റീന്‍ നിയമം ലംഘിച്ചെന്ന വ്യാജേന കേസടുത്തത് ഗൂഢാലോചനയുടെ ഭാഗമാണ്. ക്വാറന്റീന്‍ വ്യവസ്ഥ അദ്ദേഹം പൂര്‍ണമായും പാലിച്ചിട്ടുണ്ട്. അതിനു ശേഷവും പിന്തുടര്‍ന്ന് വേട്ടയാടുന്ന രീതി സേവന സന്നദ്ധരെ അപമാനിക്കുന്നതിന് തുല്യമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇക്കാര്യത്തില്‍ സിപിഎമ്മിന് ദുഷ്ട ചിന്തയുണ്ട്. കെ.പിക്കെതിരെ കേസടുത്ത പൊലീസ് നടപടി ഹീനവും സാംസ്‌കാരിക സമൂഹത്തിന് ലജ്ജാകരവുമാണെന്നും കേസ് പിന്‍വലിച്ച് പൊലീസ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് മടിക്കില്ലെന്നും ഇബ്രാഹിം എളേറ്റില്‍ വ്യക്തമാക്കി.

പൊതുപ്രവര്‍ത്തകരെ നിശ്ചലമാക്കാന്‍ ശ്രമം
ദുബൈ: ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറി കെ.പി മുഹമ്മദിനെതിരെ കേസെടുത്തത് തികച്ചും പ്രവാസികളെ അപമാനിക്കലാണെന്നും പ്രവാസ ലോകത്തും നാട്ടിലും ജീവകാരുണ്യ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന കെഎംസിസി നേതാക്കളോടും പ്രവര്‍ത്തകരോടും പൊലീസ് അനീതിയും അതിക്രമവും പുലര്‍ത്തുന്നത് സങ്കടകരമാണെന്നും ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് എന്‍.കെ ഇബ്രാഹിം അഭിപ്രായപ്പെട്ടു. നാദാപുരം പൊലീസ് അദ്ദേഹത്തിനെതിരെ ചുമത്തിയ കള്ളക്കേസ് എത്രയും വേഗം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തില്‍ മുഖ്യമന്ത്രി രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അവസരമായി രോഗനാളുകളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.