കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പിനായി ആദ്യ രണ്ടു ദിനങ്ങളിലായി രജിസ്റ്റര്‍ ചെയ്തത് മൂവായിരത്തോളം ഇന്ത്യന്‍ പ്രവാസികള്‍. കുവൈത്തിലെ അനധികൃത താമസക്കാര്‍ക്കായി ഫര്‍വാനിയ, അബ്ബാസിയ എന്നീ പ്രദേശങ്ങളില്‍ തയാറാക്കിയ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കുവൈത്തിലെ അനധികൃത താമസക്കാര്‍ക്കായി പിഴ കൂടാതെ രാജ്യം വിടാന്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ച സമയ പരിധി പ്രയോജനപ്പെടുത്താന്‍ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് പൊതുമാപ്പ് കേന്ദ്രങ്ങളിലെത്തിയത്.
നിയമ ലംഘകര്‍ക്ക് പിഴയോ മറ്റ് ശിക്ഷകളോ കൂടാതെ രാജ്യം വിടാന്‍ സൗജന്യ വിമാന ടിക്കറ്റ് നല്‍കിയാണ് കുവൈത്ത് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമാപ്പ് അനുസരിച്ച് രാജ്യം വിടുന്നവര്‍ക്ക് പിന്നീട് നിയമപരമായി കുവൈത്തിലേക്ക് മടങ്ങി വരുന്നതിന് തടസ്സമുണ്ടായിരിക്കില്ല. വിവിധ രാജ്യക്കാര്‍ക്ക് പ്രത്യേകം ദിവസങ്ങള്‍ അനുവദിച്ചാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇന്ത്യക്കാര്‍ക്ക് ഏപ്രില്‍ 16 മുതല്‍ 20 വരെയാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താനുള്ള രജിസ്‌ട്രേഷന് സമയം അനുവദിച്ചിരുന്നത്.
കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന യാത്രക്കാര്‍ ഔട്ട്ട് പാസിന് ഫീസ് നല്‍കേണ്ടി വരില്ലെന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാസ്‌പോര്‍ട്ട് കയ്യിലില്ലാത്ത പൊതുമാപ്പ് യാത്രക്കാര്‍ക്ക് എമര്‍ജെന്‍സി സര്‍ട്ടിഫിക്കറ്റി(ഔട്പാസ്)ന് 5 ദിനാര്‍ ഫീസ് ഈടാക്കാനുള്ള എംബസിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ, കെഎംസിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത് വരികയും തുടക്കത്തില്‍ തന്നെ വിഷയം കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് മന്ത്രി മുരളീധരന് ഇമെയില്‍ വഴി അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ, അദ്ദേഹം പി.കെ കുഞ്ഞാലികുട്ടി എംപിയെ അറിയിച്ചതനുസരിച്ച് ഏപ്രില്‍ 2ന് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിഷയത്തില്‍ അന്തിമ തീരുമാനമാവാത്തതിനാല്‍ അദ്ദേഹം വിദേശ കാര്യ മന്ത്രിക്കും പിന്നീട് കത്തെഴുതിയിരുന്നു. ഇതിനുള്ള ഫീസ് എഴുതിത്തള്ളുമെന്ന് വിദേശ കാര്യ മന്ത്രാലയം പ്രഖ്യാപിച്ചതിനാല്‍ കുവൈത്തിലെ 25,000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇത് പ്രയോജനപ്പെടും. ഇതോടെ, കോവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് മടക്കയാത്രക്ക് വേണ്ട എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി നല്‍കും.
ഇന്ത്യക്കാര്‍ക്കനുവദിച്ച ആദ്യ ദിവസം സ്ത്രീകളും പുരുഷന്മാരുമടക്കം രണ്ടായിരത്തോളം പേരാണ് പൊതുമാപ്പിനായി പേര് രജിസ്റ്റര്‍ ചെയ്തത്. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ കാരണം കെഎംസിസി ഉള്‍പ്പെടെയുള്ള എംബസി അംഗീകൃത സംഘടനകളുടെ കൂടുതല്‍ വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തിയാണ് എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിച്ച പ്രവാസികള്‍ക്ക് സ്വാന്ത്വനമായി കുവൈത്ത് കെ എംസിസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ ഖാലിദ് ഹാജി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസില്‍ കൊല്ലം, ഹെല്‍പ് ഡെസ്‌ക് പ്രതിനിധികളായ ഷാഫി കൊല്ലം, സലീം നിലമ്പൂര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. പ്രതികൂല കാലാവസ്ഥയില്‍ ഭക്ഷണവും പാനീയവും കഴിക്കാതെ അതിരാവിലെ എത്തി ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണവും വെള്ളവും നല്‍കി, അവര്‍ക്ക് വേണ്ട എല്ലാ നിര്‍ദേശങ്ങളും നല്‍കാനായി കുവൈത്ത് കെഎംസിസി വൈറ്റ് ഗാര്‍ഡ് അംഗങ്ങളും സജീവമായി രംഗത്തുണ്ട്. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തിന്റെയും ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖിന്റെയും നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് ചെയര്‍മാന്‍ സുബൈര്‍ പാറക്കടവ്, ജന.കണ്‍വീനര്‍ അജ്മല്‍ വേങ്ങര, വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഫൈസല്‍ കടമേരി തുടങ്ങി വിവിധ ജില്ലാ-മണ്ഡലം നേതാക്കള്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു.