കുവൈത്ത് സിറ്റി: പൊതുമാപ്പിനായി ഇന്ത്യക്കാര്‍ക്കനുവദിച്ച ദിവസങ്ങളില്‍ അന്തിമ തീരുമാനമായി. പുതിയ തീയതി ഈ മാസം 16 (വ്യാഴം) മുതല്‍ 20 (തിങ്കള്‍) വരെയാണ്. എംബസി പ്രതിനിധികള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയ അധികൃതരുമായി നിരവധി തവണ നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് തീയതിയില്‍ അന്തിമ തീരുമാനമായത്. നേരത്തെ, ഏപ്രില്‍ 11 മുതല്‍ 15 വരെയായിരുന്നു കുവൈത്ത് അധികൃതര്‍ തീരുമാനിച്ചിരുന്നത്. താമസ-കുടിയേറ്റ നിയമ ലംഘകരായ വിദേശികള്‍ക്ക് ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ സൗജന്യ വിമാന ടിക്കറ്റും യാത്ര ചെയ്യുന്നത് വരെ താമസ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ക്കായി ഫര്‍വാനിയ, അബ്ബാസിയ എന്നിവിടങ്ങളിലായി ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഓഫീസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിവിധ രാജ്യക്കാര്‍ക്ക് പ്രത്യേകം ദിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ ഫിലിപ്പീന്‍സ്, ബംഗ്‌ളാദേശ്, ഈജിപ്ത് രാജ്യക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് യാത്രയായിത്തുടങ്ങി. നടപടികള്‍ പൂര്‍ത്തിയാക്കിയവരെ ആഭ്യന്തര മന്ത്രാലയം പ്രത്യേക കേന്ദ്രത്തില്‍ താമസിപ്പിച്ച് നേരിട്ട് വിമാനത്താവളത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചത് ആഭ്യന്തര മന്ത്രാലയ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇന്ത്യക്കാര്‍ക്ക് അനുവദിച്ച ദിവസങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് എംബസിയില്‍ നിന്നും ഔട്പാസ് എടുത്തു കൊടുക്കാന്‍ വിവിധ ഏരിയകളില്‍ സംഘടനാ പ്രതിനിധികളുടെ സേവനമാണ് എംബസി ഉപയോഗപ്പെടുത്തുന്നത്. ഇത് പ്രകാരം, വിവിധ ഏരിയകളില്‍ ബന്ധപ്പെടേണ്ട വളണ്ടിയര്‍മാരുടെ പേരുകള്‍ എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, വിമാന യാത്രക്ക് ഇതു വരെ അനുമതി നല്‍കാത്തത് പൊതുമാപ്പ് ഉപയോഗപ്പെടുത്താനാഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നുണ്ട്. വിമാന സര്‍വീസ് പെട്ടെന്ന് ആരംഭിച്ചില്ലെങ്കില്‍ എത്ര നാള്‍ പ്രസ്തുത കേന്ദ്രത്തില്‍ തുടരേണ്ടി വരുമെന്നറിയാത്തതിനാല്‍ പൊതുമാപ്പിന് ഹാജാരാകുന്നതില്‍ നിന്നും മലയാളികളുള്‍പ്പെടെയുള്ളവരെ പിന്തിരിയാന്‍ ഇടയാക്കുന്നുണ്ട്. സൗജന്യ വിമാന ടിക്കറ്റ് വരെ നല്‍കിയുള്ള പൊതുമാപ്പ് ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം നടപ്പാക്കുന്നത് എന്നതു കൊണ്ടുതന്നെ, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിമാന സര്‍വീസിന് ഉടന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കുവൈത്ത് കെഎംസിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്.