കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് ഒരു ഇന്ത്യക്കാരന് അടക്കം 2 പേര് കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച സ്ഥിരീകരിച്ചു. 55 വയസ്സുള്ള ഇന്ത്യക്കാരനും 49കാരനായ ബംഗ്ളാദേശ് സ്വദേശിയുമാണ് ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഇതോടെ, കൊറോണ വൈറസ് ബാധയേറ്റ് കുവൈത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. ഇവരില്‍ 3 പേര് ഇന്ത്യക്കാരാണ്. ചികില്‍സയിലുള്ള 62 പേരാണ് കഴിഞ്ഞ ദിവസം മാത്രം രോഗമുക്തി നേടിയത്. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച ശേഷം ഒരു ദിവസം രോഗ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യ ആണിത്. ഇതോടെ, രോഗം ഭേദമായവരുടെ എണ്ണം 367 ആയി. പുതുതായി 80 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 1995 ആയി. ഇതില്‍ 47 പേര് ഇന്ത്യക്കാരാണ്. ഇതോടെ, രോഗബാധ സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 1,134 ആയി ഉയര്‍ന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ, തിങ്കളാഴ്ച രോഗബാധയേറ്റ മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്: 7 സ്വദേശികള്‍, 6 ഈജിപ്തുകാര്‍, 3 ബംഗ്ളാദേശികള്‍, 3 പാകിസതാനികള്, 2 സിറിയക്കാര്‍, 3 ഫലസ്തീന്‍കാര്‍, 3 നേപ്പാളികള്‍, 2 ഫിലിപ്പീന്‍സുകാര്‍, ബിദൂനി, സ്പെയിന്, പോര്‍ചുഗീസ്, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്. ആകെ 1,619 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 39 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണ്. ഇവരില്‍ 26 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി.