മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ രോഗബാധിതരുടെ എണ്ണം 317 ആയതായി ആരോഗ്യ വകുപ്പ് വക്താവ് ഡോ. അബ്ദുള്ള അല്‍സനദ് പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 24 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ 20 പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും രണ്ടു പേര്‍ അടുത്തിടെ നാട്ടില്‍ നിന്ന് മടങ്ങിയെത്തിയവരുമാണ്. രണ്ടു പേര്‍ക്ക് രോഗം പകര്‍ന്ന വഴി അന്വേഷിച്ചു വരുന്നു. ഇതോടൊപ്പം ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ കുവൈത്ത് സ്വദേശിക്കും രണ്ടു ബംഗ്‌ളാദേശ് പൗരന്മാര്‍ക്കും ഒരു നേപ്പാള്‍ പൗരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴു പേര്‍ പുതുതായി രോഗമുക്തി നേടിയതോടെ ആകെ 80 പേര്‍ക്കാണ് ഇതു വരെ രോഗം ഭേദമായതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 237 പേര്‍ ചികിത്സയിലുള്ളതില്‍ 14 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയും കൂട്ടിച്ചേര്‍ത്തു.
ഷോപ്പിംഗ് സഹകരണ സംഘങ്ങളില്‍ ഇന്നലെ മുതല്‍ ഇന്ത്യയില്‍ നിന്നും ബംഗ്‌ളാദേശില്‍ നിന്നുമുള്ള ഭൂരിഭാഗം പേര്‍ക്കും പകരം മറ്റു തൊഴിലാളികളെയും കുവൈത്ത് വളണ്ടിയര്‍മാരെയും നിയമിച്ചിട്ടുണ്ട്. അതോടൊപ്പം, പകല്‍ സമയത്ത് ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ സുരക്ഷാ ഉപരോധവും ശക്തമാക്കിയിട്ടുണ്ട്. ഇവയെല്ലാം സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ പ്രാഥമിക സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്.