കുവൈത്തില്‍ 2 മരണം, 85 പുതിയ രോഗികള്‍; ആകെ രോഗ മുക്തര്‍ 412

23
കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്ച 2 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. 85 പുതിയ കേസുകളും സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇതോടെ, കുവൈത്തില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 2080 ആയി ഉയര്‍ന്നു. 59കാരനായ ബംഗ്‌ളാദേശ് പൗരനും 63കാരനായ സൊമാലിയന്‍ പൗരനുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇരുവരും തീവ്ര പരിചരണ വിഭാഗത്തില്‍ ചികല്‍സയിലായിരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ചിരിച്ച് 85ല്‍ 37 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ, ഇന്ത്യക്കാരുടെ എണ്ണം 1,167 ആയി ഉയര്‍ന്നിട്ടുണ്ട്. കുവൈത്തില്‍ 45 പേര്‍ കൂടി കൊറോണ വൈറസ് ബാധയില്‍ നിന്ന് രോഗ മുക്തി നേടിയതായി ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. ഇതോടെ, കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയവര്‍ 412 ആയി ഉയര്‍ന്നിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലുള്ള 46 പേരുള്‍പ്പെടെ 1,657 പേര്‍ ചികില്‍സയിലുണ്ട്. ഇതില്‍ 26 പേര്‍ അത്യാസന്ന നിലയിലാണെന്നും ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.