കുവൈത്തില്‍ 85 ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ 215 പുതിയ കേസുകള്‍

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച ഒരാള്‍ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് അറിയിച്ചു. 55 വയസ്സുള്ള ബംഗ്‌ളാദേശ് പൗരനാണള മരിച്ചത്. ഇതോടെ, കുവൈത്തില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 15 ആയി. വെള്ളിയാഴ്ച 85 ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ 215 പുതിയ കേസുകളും സ്ഥിരീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ, ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 2,614 ആയി. ഇവരില്‍ 1,395 പേര്‍ ഇന്ത്യാക്കാരാണ്. ഇന്നലെ മരിച്ച ബംഗ്‌ളാദേശ് പൗരന്‍ ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതു വരെ മരിച്ചവരില്‍ 5 പേര്‍ ഇന്ത്യക്കാരാണ്. കുവൈത്തില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഏറ്റവും അധികം പേര്‍ രോഗ മുക്തരായ ദിനമായിരുന്നു വെള്ളിയാഴ്ച. 115 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതെന്ന മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. ഇതോടെ, ആകെ 613 പേരാണ് രാജ്യത്ത് കൊറോണ വൈറസ് ബാധയില്‍ നിന്നും രോഗമുക്തി നേടിയത്. പുതുതായി രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാര്‍: 21 കുവൈത്തികള്‍, 31 ഈജിപ്ത്ുകാര്‍, 25 ബംഗ്‌ളാദേശികള്‍, 25 പാക്കിസ്താനികള്‍, 1 സിറിയന്‍, 3 ഇറാനി, 1 ജോര്‍ദാനി, 5 നേപ്പാളി, 4 ബിദൂനി, 5 ശ്രീലങ്കന്‍, 4 ലബനീസ്, 1 സഊദി, 1 സുഡാനി, 1 അമേരിക്കന്‍, 1 യമനി, 1 എത്യോപ്യന്‍. ആകെ 1,986 പേര്‍ ചികില്‍സയിലുണ്ട്. ഇവരില്‍ 60 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.