പ്രവാസികളുടെ എണ്ണം പകുതിയായി കുറക്കാൻ നടപടികളുമായി കുവൈറ്റ്‌ സർക്കാർ

കുവൈറ്റ് സിറ്റി: സ്വദേശികളേക്കാൾ ഇരട്ടിയിലധികമുള്ള പ്രവാസികളുടെ എണ്ണം പകുതിയായി കുറക്കാൻ ലക്ഷ്യമിട്ട് കുവൈത്ത്. കൊവിഡ് വ്യാപനം കരിനിഴല്‍ വീഴ്ത്തിയ പ്രവാസികളുടെ ജീവിതത്തിലേക്കാണ് നിർണായകമായ മറ്റൊരു തീരുമാനവും കടന്നു വരുന്നത്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടവരും തൊഴില്‍ പ്രതിസന്ധി നേരിടുന്നവരും ഏറെയാണ്. ഇതിനു പുറമേയാണ് പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ കുവൈറ്റ് സര്‍ക്കാര്‍ പദ്ധതിയിടുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

കുവൈറ്റിലെ 46 ലക്ഷത്തോളമുള്ള ജനസംഖ്യയില്‍ 30 ലക്ഷത്തിലധികം പ്രവാസികളാണുള്ളത് . അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രവാസികളുടെ എണ്ണം പതിനഞ്ചു ലക്ഷമായി പരിമിതപ്പെടുത്താനാണ് കുവൈറ്റ് സര്‍ക്കാര്‍ ആലോചിക്കുന്നതായി അല്‍ റായ് പത്രം തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ സെമി സ്‌കില്‍ഡ് തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിനും തീരുമാനിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പുതുക്കിയ പദ്ധതി പ്രകാരം, വിദേശവിഭാഗങ്ങള്‍ക്കുമായി തൊഴിലിന് ഒരു നിശ്ചിത ക്വാട്ട സമ്പ്രദായം ഏര്‍പ്പെടുത്തും. ആകെ പ്രവാസികളുടെ എണ്ണത്തിന്റെ 20 ശതമാനമോ, അല്ലെങ്കില്‍ അതിനു താഴെയോ മാത്രമായിരിക്കും ഓരോ വിഭാഗത്തിനുമുള്ള ക്വാട്ട നിശ്ചയിക്കുന്നത്.
ചില തൊഴില്‍മേഖലകളില്‍ ഒഴികെയുള്ള 60 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസികളുടെ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കി നല്‍കാതിരിക്കാനും പദ്ധതിയുണ്ട്. പ്രവാസികളുടെ റെസിഡന്‍സ് കാലാവധി 15 വര്‍ഷമാക്കി ചുരുക്കുകയും ചെയ്തുകൊണ്ടാണ് പ്രവാസികളുടെ എണ്ണം കുറക്കാനുള്ള നടപടി സ്വീകരിക്കുക എന്നും റിപ്പോർട്ടിലുണ്ട്