ശമ്പളം മുടങ്ങി; ജീവിതം വഴിമുട്ടി തൊഴിലാളികള്‍

50

ആഷിക്ക് നന്നംമുക്ക്
റാസല്‍ഖൈമ: കുടുംബത്തിന്റെ കഷ്ടതകള്‍ മാറ്റാന്‍ മരുഭൂമിയില്‍ എത്തിപ്പെട്ട കുറച്ചു പേര്‍. പത്ത് വര്‍ഷം മുന്‍പ് വന്നവരും, രണ്ടു വര്‍ഷമായി ഇവിടെ എത്തിപ്പെട്ടവരുമുള്‍പ്പെടെയാണ് ജോലിയും ശമ്പളവുമില്ലാതെ പ്രയാസത്തിലായത്. റാസല്‍ഖൈമ അല്‍ജസീറ അല്‍ഹംറ വ്യവസായ മേഖലയിലെ ഒരു ഫാക്ടറിയിലാണ് ആറു മലയാളികളുള്‍പ്പെടെ 28 തൊഴിലാളികള്‍ ദുരിതത്തിലകപ്പെട്ടത്. മാര്‍ച്ച് പകുതി വരെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഒരു ദിവസം അടച്ചു പൂട്ടുകയാണെന്ന അറിയിപ്പ് ലഭിക്കുകയാണുണ്ടായതെന്ന് ഇവിടെ ജോലി ചെയ്യുന്ന ബാബു മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. ജനുവരി മുതലുള്ള ശമ്പളവും വര്‍ഷങ്ങളായി ജോലി ചെയ്യുന്നതിന്റെ ആനുകൂല്യങ്ങളും നല്‍കുമെന്ന് പറഞ്ഞെങ്കിലും പരിഹാരമായിട്ടില്ല. തമിഴ്‌നാട്, യു.പി, ബിഹാര്‍, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നേപ്പാള്‍, ബംഗ്‌ളാദേശ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ് തൊഴിലാളികള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ച ഓഫീസ് തുറന്നാല്‍ പ്രശ്‌ന പരിഹാരത്തിന് വഴി തുറക്കുമെന്ന പ്രതീക്ഷയിലാണിവര്‍.
”ചെറിയൊരു വീടുണ്ടാക്കുകയെന്ന സ്വപ്നം കണ്ട് രാപകലില്ലാതെ അധ്വാനിക്കുകയായിരുന്നു. അതിനിടയിലാണ് ഇങ്ങനെയൊരു ചതിയില്‍ പെട്ടത്. നാട്ടില്‍ പോയില്ലെങ്കിലും കുഴപ്പമില്ല. വേറെ എവിടെയെങ്കിലും എന്തെങ്കിലും ജോലിയില്‍ നിന്നോളം. എന്നാലെങ്കിലും ചെറിയൊരു കൂര കെട്ടിപ്പൊക്കാന്‍ പറ്റിയെങ്കില്‍ അതായിരിക്കും ഈ പ്രവാസം കൊണ്ട് എനിക്ക് കുടുംബത്തിന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം” -കണ്ണീരോടെ കൊല്ലം സ്വദേശി മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. ഈ കമ്പനിയുടെ മേല്‍നോട്ടം നടത്തുന്നത് തൃശൂര്‍ സ്വദേശിയാണെന്ന് തൊഴിലാളികള്‍ പറയുന്നു.
സംഭവമറിഞ്ഞ് സഥലത്തെത്തിയ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഇവറക്ക് ഭക്ഷ്യസാധനങ്ങള്‍ താമസ സ്ഥലത്തത്തെിച്ചു നല്‍കി. വിഷയത്തെ കുറിച്ച് പഠിച്ച ശേഷം തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് റാക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്.എ സലീം അറിയിച്ചു.